വാഷിംഗ്ടണ്‍: ജനകീയപ്രക്ഷോഭങ്ങളെ നിഷ്‌ക്കരുണം അടിച്ചമര്‍ത്തുന്ന ലിബിയയെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായി. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ യു.എന്നില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ലിബിയയെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പുറത്താക്കുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് വക്താവ് പി.ജെ ക്രോളി പറഞ്ഞു. സമാധാനമായി പ്രകടനം നടത്തുന്ന പ്രക്ഷോഭകാരികളെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നടപടിയെ അംഗീകരിക്കാനാവില്ലെന്നും ക്രോളി വ്യക്തമാക്കി.

അതിനിടെ ലിബിയയില്‍ ജനാധിപത്യപോരാട്ടം കൂടുതല്‍ ശക്തമാവുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കലാപം സൃഷ്ടിക്കുന്നത് അല്‍ഖയിദയുടെ നേതൃത്വത്തിലുള്ളവരാണെന്ന് പ്രസിഡന്റ് കേണല്‍ ഗദ്ദാഫി ആരോപിച്ചു. മദ്യവും മയക്കുമരുന്നും നല്‍കി യുവാക്കളെ തീവ്രവാദസംഘടനകള്‍ ആകര്‍ഷിക്കുകയാണെന്നാണ് ഗദ്ദാഫി വാദിക്കുന്നത്.

നേരത്തേ ലിബിയയിലെ പ്രക്ഷോഭങ്ങള്‍ക്ക് അല്‍ഖയിദ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അല്‍ഖയിദയുടെ വലയില്‍ വീഴരുതെന്നും ബിന്‍ ലാദന്‍ ലിബിയയുടെ ശത്രുവാണെന്നും ഗദ്ദാഫി വ്യക്തമാക്കി.