ട്രിപ്പോളി: മുഅമ്മര്‍ ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അവസാനം കുറിച്ച് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഗദ്ദാഫിയെ പിടികൂടി വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ദേശീയ പരിവര്‍ത്തന സമിതി (എന്‍.ടി.സി.)യാണ് സ്വാതന്ത്യം പ്രഖ്യാപിച്ചത്. ഗദ്ദാഫിക്കെതിരായ പ്രക്ഷോഭം ആരംഭിച്ച ബെന്‍ഗാസി നഗരത്തിലെ ഫ്രീഡം ഗ്രൗണ്ടില്‍ ഇന്നലെ ജയാരവം മുഴക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി എന്‍.ടി.സി. നേതാവ് മുസ്തഫ അല്‍ ജലീലാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.

ലിബിയയുടെ ആകാശവും മരുഭൂമിയും ഗ്രാമങ്ങളും മലനിരകളും സ്വതന്ത്ര്യമായിരിക്കുന്നു. 42 വര്‍ഷം രാജ്യത്ത് അന്യമായിരുന്ന ജനാധിപത്യം പുനസ്ഥാപിച്ചിരിക്കുന്നതായും മുസ്തഫ അല്‍ ജലീല്‍ പറഞ്ഞു. ഗദ്ദാഫിക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ മുസ്തഫ സ്വതന്ത്ര ലിബിയ ഇസ്‌ലാമിക നിയമം പിന്തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

Subscribe Us:

എട്ടുമാസത്തിനുള്ളില്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുപ്പു നടത്തുമെന്നും ഇതിനുശേഷം ഇടക്കാലസര്‍ക്കാര്‍ രൂപീകരിക്കുമെന്നും പരിവര്‍ത്തന സമിതി കമ്മിറ്റിയംഗമായ പ്രധാനമന്ത്രി മഹമ്മൂദ് ജിബ്രില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭരണഘടന തയാറാക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തു ഹിതപരിശോധന നടത്തും. ഇതിനുശേഷം ഇടക്കാലസര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിബിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിച്ച നാറ്റോ വക്താവ് പൗരന്മാരുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായാല്‍ നാറ്റോ സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കി.