ട്രിപ്പോളി: പൗരന്‍മാരെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ ഗദ്ദാഫിയും മക്കളും അനുചരരുമടക്കം പതിനഞ്ചോളം പേരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് മുഖ്യ പ്രോസിക്യൂട്ടര്‍ ലൂയിസ് ഒകാമ്പോ വ്യക്തമാക്കി. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

ഗദ്ദാഫിക്കും ഏതാനും ആണ്‍മക്കള്‍ക്കും പുറമേ ലിബിയയിലെ വിദേശമന്ത്രി, സുരക്ഷാസേനയുടെ തലവന്‍, ദേശരക്ഷാ ഉപദേഷ്ടാവ് എന്നിവരടക്കമുള്ളവരെ വിചാരണ ചെയ്യുമെന്നാണ് ക്രിമിനല്‍കോടതിയിലെ മുഖ്യ പ്രോസിക്യൂട്ടര്‍ അറിയിച്ചത്. പ്രഭോക്ഷകര്‍ക്കുനേരെ ആക്രമണത്തിന് പദ്ധതിയിടുക വഴി ഇവര്‍ മനുഷ്യാവകാശ ധ്വംസനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ലിബിയയിലെ പ്രസിസന്ധി പരിഹരിക്കുന്നതിന് ഗദ്ദാഫിയുടെ അടുത്ത സുഹൃത്തും വെനസ്വലയിലെ പ്രസിഡന്റുമായ ഹ്യൂഗോ ഷാവേസ് മാധ്യസ്ഥ നിര്‍ദേശം മുന്നോട്ടുവച്ചു.

വിമതരോടു പോരാടി കഴിഞ്ഞ ദിവസം തോറ്റോടേണ്ടിവന്ന ബ്രെഗയില്‍ പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫിയുടെ സൈന്യം വ്യാഴാഴ്ച വ്യോമാക്രമണം നടത്തി. ഇവിടെ ബുധനാഴ്ച ഗദ്ദാഫിയുടെ സൈന്യവും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒമ്പത് പ്രക്ഷോഭകരും മൂന്ന് സൈനികരുമാണ് മരിച്ചത്.

ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ തുടരുന്നു
അതേസമയം ലിബിയയിലെ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള നാല് ഈജിപ്ത് എയര്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്‌സ് ഇന്നലെ രാത്രി മുംബൈ എയര്‍പോര്‍ട്ടിലെത്തി. കെയ്‌റോയില്‍ നിന്നും മൂബൈലേക്ക് വരുന്ന ഓരോ വിമാനത്തിലും 268 യാത്രക്കാരുണ്ട്. ഏകദേശം 1,072 ഇന്ത്യക്കാരെ ഈജിപ്ത്ഷ്യന്‍ വിമാനത്തില്‍ നാട്ടിലെത്തിച്ചിട്ടുണ്ട്. ഇതോടെ 3,000 ഇന്ത്യക്കാരെ ലിബിയയില്‍ നിന്നും നാട്ടിലെത്തിച്ചിട്ടുണ്ട്.