ട്രിപ്പോളി:കലാപഭൂമിയായ ലിബിയയുടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോക നേതാക്കള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു. നിലവിലെ സൈനിക നടപടിയും ഗദ്ദാഫിക്കു ശേഷമുള്ള ലിബിയയുടെ ഭാവിയുമാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്യത്. യോഗത്തില്‍ ഏഴ് അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെ 35 രാജ്യങ്ങളുടെ വിദേശ മന്ത്രിമാര്‍ക്കു പുറമെ യു.എന്‍,നാറ്റോ സെക്രട്ടറി ജനറല്‍മാര്‍,ഒ.ഐ.സി. നേതാക്കള്‍ എന്നിവരും പങ്കെടുത്തു. ‘ലിബിയ കോണ്‍ടാക്ട് ഗ്രൂപ്പ്’ എന്ന കൂട്ടായ്മക്കും യോഗം രൂപം കൊടുത്തു.

കൂട്ടായ്മയുടെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം ഖത്തര്‍ വഹിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹോഗ് പ്രസ്താവനയില്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കു ശേഷം ഹോഗും ഖത്തര്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം അല്‍ താനിയും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഗദ്ദാഫി ഉടന്‍ അധികാരം വിട്ടൊഴിയണമെന്ന് അല്‍ താനി ആവശ്യപ്പെട്ടു.

ലിബിയയെ കാത്തിരിക്കുന്നത് സമാധാനത്തന്റെ നാളുകളാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. വ്യോമനിരോധിത മേഖലയില്‍ പറക്കല്‍ നിരോധനം നിലനിറുത്താനായി സഖ്യകക്ഷി സേനക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടിക്ക് നേതൃത്വം നല്‍കിയിരുന്ന അമേരിക്ക ചുമതലകള്‍ സഖ്യകകഷികള്‍ക്ക് കൈമാറാനുള്ള തയ്യാറെടുപ്പിലാണ്.

അതിനിടെ, ലിബിയയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യപിക്കണമെന്നും സമവായ ചര്‍ച്ചകള്‍ നടത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ബൈയ്ജിങ്ങില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ ലിബിയയിലെ എംബസി ഇന്ത്യ അടച്ചു.