ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയെ ജീവനോടെ പിടികൂടുന്നതുവരെ പോരാട്ടം തുടരുമെന്ന് വിമതര്‍. ഗദ്ദാഫിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ബാബുല്‍ അസീസിയ വിമതര്‍ പിടിച്ചെടുത്തതോടെ പോരാട്ടം അന്തിമഘട്ടത്തിലെത്തിയ സൂചനയാണ് നല്‍കുന്നത്. നാറ്റോ സേനയുടെ സഹായത്തോടെ 5 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വിമതര്‍ക്ക് കോമ്പൗണ്ടിനകത്തേക്ക് കയറാന്‍ കഴിഞ്ഞത്. കൂടാതെ ലിബിയയിലെ സൈനിക നടപടി തുടരുമെന്ന് നാറ്റോ സേന വ്യക്തമാക്കിയിട്ടുണ്ട്. ലിബിയയില്‍ വിമതരെ സഹായിക്കാനായി വ്യോമാക്രമണം നടത്തുന്ന നാറ്റോ സേന ജനവാസ കേന്ദ്രങ്ങളിലും ആക്രമണം നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ട്രിപ്പോളിയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും ഗദ്ദാഫി അനുകൂല സേന വിമതരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയ വിമതര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ട്രിപ്പോളി പിടിച്ചടക്കി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഗദ്ദാഫി എവിടെയുണ്ടെന്ന കാര്യത്തില്‍ വിമതസേനയ്ക്ക് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ട്രിപ്പോളി പിടിച്ചെടുത്തുവെന്നും ഗദ്ദാഫിയുടെ മക്കളെ ബന്ദികളാക്കിയെന്നും വിമതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തന്നെ ആരും ബന്ദിയാക്കിയിട്ടില്ലെന്നും ഗദ്ദാഫി സുരക്ഷിതനാണെന്നും അറിയിച്ചുകൊണ്ട് മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം കഴിഞ്ഞ ദിവസം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഗദ്ദാഫി സിംബാബ്‌വെയിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാറ്റോ സേനയ്‌ക്കെതിരെ പോരാട്ടവിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം എന്ന് ഗദ്ദാഫി ഒരു ശബ്ദസന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്.

അതേസമയം ട്രിപ്പോളി പിടിച്ചെടുക്കാനുള്ള വിമതരുടെ പോരാട്ടത്തിനിടെ 400 പേര്‍ കൊല്ലപ്പെട്ടതായും രണ്ടായിരത്തിലധികംപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അല്‍ അറാബിയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.