കെയ്‌റോ: ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായി പ്രക്ഷോഭം നടത്തുന്നവരെ അടിച്ചമര്‍ത്തുന്ന കേണല്‍ ഗദ്ദാഫിയുടെ നടപടിക്ക് അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനം. അമേരിക്കയും ഐക്യരാഷ്ട്രസംഘടനയും ഗദ്ദാഫിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

പ്രക്ഷോഭകാരികളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് യു.എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന പ്രക്ഷോഭകാരികള്‍ക്കു നേരെ അതിക്രമം കാണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കിഴക്കന്‍ പ്രവിശ്യയായ കൈറിനെകിയുടെ നിയന്ത്രണം പട്ടാളത്തിന് നഷ്ടമായിട്ടുണ്ട്. ഗദ്ദാഫിയുടെ ഭരണകൂടത്തിലെ പ്രമുഖരെല്ലാം ചുവടുമാറ്റുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി ആഭ്യന്തരമന്ത്രി അബ്ദുള്ള ഫത്താ യൂനസ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.

ട്രിപ്പോളി കേന്ദ്രീകരിച്ചാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. അതിനിടെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജീവന്‍ നഷ്ടമായവരുടെ എണ്ണം ആയിരം കവിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്കാരെ മാറ്റാന്‍ നീക്കം തുടങ്ങി
ജനാധിപത്യപ്രക്ഷോഭങ്ങള്‍ ശക്തമായ ലിബിയയില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 18,000ലധികം ഇന്ത്യക്കാര്‍ ലിബിയയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ 300ലധികം മലയാളികളാണ്.

പ്രത്യേക വിമാനങ്ങളും കപ്പലുകളും ലിബിയയിലേക്ക് അയച്ചിട്ടുണ്ട്. അപകടരഹിതമായ കിഴക്കന്‍ ലിബിയയിലൂടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് നീക്കം. ലിബിയയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.