മോസ്‌കോ : പ്രവാചകത്വം അവകാശപ്പെട്ട് ഭൂഗര്‍ഭ അറയില്‍ സ്വതന്ത്ര രാജ്യം സ്ഥാപിച്ച ‘പ്രവാചക’നേയും അനുയായികളേയും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന സംഘം പത്ത് വര്‍ഷത്തിലധികമായി ഭൂഗര്‍ഭ അറയിലെ സ്വതന്ത്ര രാജ്യത്ത് താമസിച്ചുവരികയായിരുന്നു.

Ads By Google

ഇസ്‌ലാമിക വിശ്വാസത്തിന്റെ പിന്തുടര്‍ച്ചക്കാരായി വിശേഷിപ്പിക്കുന്ന സംഘത്തിന്റെ സ്ഥാപകനായ  ഫയസ് റഹ്മാന്‍ സത്‌റേവ് സ്വയം പ്രവാചകനായാണ് വിശേഷിപ്പിക്കുന്നത്. ഇയാളുടെ പേരിനോട് ചേര്‍ത്ത് ഫയസ് റഹ്മാനിസ്റ്റുകള്‍ എന്നാണ് സംഘം അറിയപ്പെടുന്നത്.

ഭൂമിക്കടിയില്‍ എട്ട് അറകളിലായി താമസിച്ചിരുന്ന സംഘത്തില്‍ 27 കുട്ടികളും 38 മുതിര്‍ന്നവരുമാണുള്ളത്. ഇവരില്‍ പലരും പുറം ലോകം കാണുന്നത് മോചനത്തിന് ശേഷമാണ്! കസാന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഭൂഗര്‍ഭ അറയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

700 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള കുടുസുമുറിയാണ് ഇവരുടെ ‘സ്വതന്ത്രമതരാഷ്ട്രം’. ഇവിടെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യഭ്യാസവും ലഭിച്ചിരുന്നില്ല.

1960 കളുടെ മധ്യത്തിലാണ് തനിക്ക് ദിവ്യത്വമുണ്ടെന്നും പ്രവാചകനാണെന്നും വാദിച്ച് ഫയസ് റഹ്മാന്‍ രംഗത്തെത്തുന്നത്. കടുത്ത യാഥാസ്ഥിതിക ജീവിതമാണ് ഇയാള്‍ തന്റെ അനുയായികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നത്.

പുറം ലോകവുമായുള്ള എല്ലാബന്ധവും നിഷേധിച്ച ഫയസ് അനുയായികള്‍ക്ക് ആധുനിക ചികിത്സാരീതിപോലും നിഷേധിച്ചിരുന്നു.

റഷ്യയില്‍ അടുത്തകാലത്തായി മുസ്‌ലിം പണ്ഡിതന്മാര്‍ക്കെതിരെ നടന്ന ആക്രമത്തെ കുറിച്ച് നടന്ന അന്വേഷണത്തിനിടയിലാണ് ‘സ്വതന്ത്ര മതവാദികളുടെ’ ഭൂഗര്‍ഭവാസത്തെ കുറിച്ച് അറിയുന്നത്.

കുട്ടികളെ പീഡിപ്പിച്ച ക്കുറ്റം ചുമത്തി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുട്ടറകളില്‍ താമസിച്ച കുട്ടികളെ അനാഥാലയങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. 18 മാസം മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.