വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തിരിപ്പന്‍ പരിസ്ഥിതി നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുകള്‍. ട്രംപിന്റെ മകളും അസിസ്റ്റന്റുമായ ഇവാന്‍ക ട്രംപിന്റെ വാഷിങ്ടണിലെ വസതിക്കുമുമ്പിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി ഇവാന്‍കയുടെ വസതിക്കു മുമ്പില്‍ എല്‍.ജി.ബി.ടി പ്രവര്‍ത്തകര്‍ ഡാന്‍സ് പാര്‍ട്ടി സംഘടിപ്പിച്ചു.

Subscribe Us:

കാലാവസ്ഥാ വ്യതിയാനം തടയാന്‍ മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയെടുത്ത ഒട്ടേറെ നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ച ട്രംപ് പുറത്തിറക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എല്‍.ജി.ബി.ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

മഴവില്‍ പതാകകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു എല്‍.ജി.ബി.ടി പ്രവര്‍ത്തകരുടെ പ്രതിഷേധം.

‘പ്രിയ ഇവാന്‍ക, നിത്യവും ഡസന്‍ കണക്കിന് ജീവിവര്‍ഗങ്ങളാണ് അപ്രത്യക്ഷമാകാന്‍ പോകുന്നതെന്ന് നിങ്ങളുടെ അച്ഛനോടൊന്നു പറയാമോ?’ എന്നായിരുന്നു ഒരു പ്ലക്കാര്‍ഡില്‍ എഴുതിയത്.

പ്രതിഷേധം നടക്കുന്ന സമയത്ത് ഇവാന്‍ക വസതിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിന്റെ പിന്തിരിപ്പന്‍ നയങ്ങളെ ഇവാന്‍ക ചോദ്യം ചെയ്യുന്നില്ലെന്ന് പ്രതിഷേധ പരിപാടിയുടെ സംഘാടകരിലൊരാളായ ഫിറാസ് നാസര്‍ ആരോപിച്ചു.

‘ ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും തൊടുത്തുവിടുന്ന മതഭ്രാന്തിനും വിദ്വേഷത്തിനും എതിരെ ഇവാന്‍ക നിലകൊള്ളുമെന്നും ഇത്തരം നയങ്ങള്‍ തിരുത്താന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.’ എന്നും അദ്ദേഹം പറഞ്ഞു.