ന്യൂദല്‍ഹി: ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലാപ്‌ടോപ് വിപണിയിലേക്ക് തിരിച്ച് വരുന്നു. പുതിയ പതിമൂന്ന് നോട്ട്ബൂക്ക് മോഡലുകളുമായാണ് എല്‍ ജി ഇലക്ട്രോണിക്‌സ് ഇന്ത്യന്‍ ലാപ്‌ടോപ് മാര്‍ക്കറ്റില്‍ വീണ്ടും ശക്തമായ സാന്നിദ്ധ്യമാവാനൊരുങ്ങുന്നത്.

പുതിയ ലാപ്‌ടോപുകള്‍ക്ക് 26,000 രൂപക്കും 66,780 രൂപക്കും ഇടയിലാണ് വില. എല്‍.ജിയുടെ രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഷോപ്പുകളില്‍ പുതിയ മോഡലുകള്‍ ലഭ്യമാവുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ത്രിഡി ലാപ്‌ടോപുകളായ എല്‍.ജി.എ.530 കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ആകര്‍ഷകമായ രൂപഭംഗി, കൂടുതല്‍ ഈട് നില്‍ക്കുന്ന ബാട്ടറി, ലൈറ്റ് വെയിറ്റ്, സ്‌ക്രാച്ച് റസിസ്റ്റന്‍സ് എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷതകള്‍. 2012ന്റെ രണ്ടാം പാദത്തോടെ ലാപ്‌ടോപ് ഇന്ത്യന്‍ മാര്‍ക്കറ്റിലിറക്കാനാണ് കമ്പനി ഉദ്ദ്യേശിക്കുന്നത്. 2012ല്‍ വരുമാനത്തില്‍ 15 ശതമാനം വര്‍ദ്ധനവോടെ 1000കോടി കൈവരിക്കാനാണ് കമ്പനി ലക്ഷ്യം വക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം 860 കോടി കൈവരിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടര വര്‍ഷം മുമ്പാണ് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലാപ്‌ടോപ് നിര്‍മ്മാണം നിര്‍ത്തിയത്.