ബാംഗ്ലൂര്‍: കായിക പ്രേമികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് കാറോട്ട രാജാവ് ലൂയി ഹാമില്‍ട്ടന്‍ ഇന്ത്യന്‍ ട്രാക്കില്‍ അവതരിച്ചു. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഗ്രാന്‍ പ്രീ കാറോട്ട മല്‍സരമായ ഇന്ത്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് ആവേശം പകരാനാണ് ഹാമില്‍ട്ടണ്‍ ബാംഗ്ലൂരിലെത്തിയത്. കാറോട്ട മല്‍സരപ്രേമികളും അല്ലാത്തവരുമായ കാണികളില്‍ അമ്പരപ്പുളവാക്കിയ പ്രകടനമാണ് ഹാമില്‍ട്ടണ്‍ നടത്തിയത്.

രാവിലെ 11.15നാണ് പ്രകടനം ആരംഭിച്ചത്. നഗരത്തിനു പുറത്ത് താല്‍കാലികമായുണ്ടാക്കിയ റേസിംഗ് ട്രാക്കിലായിരുന്നു പ്രകടനം. പതിനായിരത്തോളം പേര്‍ പാതയ്ക്കിരുവശവുമായി ഹാമില്‍ട്ടനെയും അദ്ദേഹത്തിന്റെ പ്രകടനവും കാണാന്‍ കൂടിനിന്നിരുന്നു. ഒഴുകിയെത്തിയ ജനത്തെ നിയന്ത്രിക്കാന്‍ പോലീസും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നന്നേ പാടുപെട്ടു. വോഡഫോണ്‍ മക്‌ലാറന്‍ മെഴ്‌സിഡസ് ഡ്രൈവറായ ഹാമില്‍ട്ടണ്‍ 2008ലെ ഡ്രൈവേഴ്‌സ് ലോക ചാംപ്യന്‍ഷിപ്പില്‍ ജേതാവായപ്പോള്‍ ഉപയോഗിച്ച എം.പി 423 കാറിലാണു ആദ്യം എത്തിയത്. എഫ്.വണ്‍ കാറില്‍ 400 മീറ്റര്‍ റേസ് ട്രാക്കിനെ അര കിലോമീറ്റര്‍ ദൂരത്തില്‍ പലതവണ വലംവെച്ചു. പിന്നീട് സ്വന്തം മക്ലാറന്‍ മെഴ്‌സിഡസില്‍ കുതിച്ചുപാഞ്ഞും ഹാമില്‍ട്ടണ്‍ കാണികളെ ഹരംപിടിപ്പിച്ചു. പ്രകടനം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴും ബാരിക്കേഡ് പൊളിച്ച് ആരാധകര്‍ റേസ് ട്രാക്കിനരികില്‍ എത്തി. എതിര്‍വശത്തു മതിലിലും കാഴ്ചക്കാരായി ജനം നിലയുറപ്പിച്ചപ്പോള്‍ സ്വഭാവിക വേഗം കൈവരിക്കാന്‍ ഹാമില്‍ട്ടനു കഴിഞ്ഞില്ല.

കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഹാമില്‍ട്ടണടുത്തേക്കു ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം പാഞ്ഞടുത്തു. എല്ലാവര്‍ക്കും ഹാമില്‍ട്ടന്‍ ഓട്ടോഗ്രാഫ് നല്‍കി. റേസിങ് താരരാജാവിനെയും മക്‌ലാറന്‍ എഫ്-1 കാറും അടുത്തു കണ്ടതിന്റെ ആവേശത്തിലായിരുന്നു ജനം. ബോളിവുഡ് താരങ്ങളടക്കം 300 വി.ഐ.പികള്‍ റേസിംഗ് കാണാനെത്തിയിരുന്നു.

ഇന്ത്യയിലെ ജനം റേസിങ്ങില്‍ ഇത്രത്തോളം താല്‍പര്യമുള്ളവരാണെന്നത് ആവേശം തരുന്ന കാര്യമാണ്. ആദ്യ ഇന്ത്യന്‍ ഗ്രാന്‍ പ്രീ മല്‍സരങ്ങള്‍ക്ക് ഇത് ഉജ്വല തുടക്കമേകുമെന്ന് പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹാമില്‍ട്ടണ്‍ പറഞ്ഞു. നാലാം തവണയാണ് ഹാമില്‍ട്ടന്‍ ഇന്ത്യയിലെത്തുന്നത്. ഫോര്‍മുല വണ്‍ കിരീടം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനും ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് ഹാമില്‍ട്ടന്‍. 2008ലെ ലോക ചാമ്പ്യനായിരുന്ന ഹാമില്‍ട്ടന്‍ ഇപ്പോള്‍ ഫോര്‍മുല വണ്‍ കാറോട്ടക്കാരില്‍ അഞ്ചാം റാങ്കാണ് ഉള്ളത്.

നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍െ്രെപസ് ലിമിറ്റഡിന്റെ ഉപയോഗിക്കാതെ കിടന്ന റോഡാണ് 500 മീറ്റര്‍ ട്രാക്കായി രുപാന്തരപ്പെടുത്തിയത്. ഒക്‌ടോബര്‍ 28 മുതല്‍ ന്യൂദല്‍ഹിക്കു സമീപം നോയിഡയിലാണ്് ഗ്രാന്‍പ്രീ നടക്കുക.