തിരുവനന്തപുരം: ദേവസ്വം നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുളള ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്നഭ്യര്‍ത്ഥിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ദേവസ്വം ബോര്‍ഡംഗങ്ങളെ തിരഞ്ഞെടുക്കുന്നത് നിയമസഭയിലെ ഹിന്ദു അംഗങ്ങളാണ്. പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ജനാധിപത്യപരമായ ഈ സംവിധാനം അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നതിന് ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കുള്ള വോട്ടവകാശത്തെ, ഈശ്വരവിശ്വാസിയെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്ക് എന്ന് ഭേദഗതി വരുത്തുന്നതിനാണ്  ഓര്‍ഡിനന്‍സ്. ഇത് നിയമസഭാംഗങ്ങളുടെ ജനാധിപത്യാവകാശത്തിലേക്കുളള കടന്നുകയറ്റമാണ്.

Ads By Google

ജനപ്രതിനിധ്യ നിയമത്തെത്തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ് പുതിയ ഓര്‍ഡിനന്‍സ്. ഈശ്വരവിശ്വാസത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുന്ന ഭരണഘടനാവിരുദ്ധ നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനയുടെ 188-ാം അനുഛേദപ്രകാരം (പട്ടിക 3) നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരംഗത്തിന് ദൈവനാമത്തിണ്‍ലോ ദൃഢപ്രതിജ്ഞയായോ സത്യപ്രതിജ്ഞ ചെയ്യാം. ഇതിന്റെ പേരില്‍ നിയമസഭാംഗം എന്ന നിലയിലുള്ള അധികാരാവകാശങ്ങളില്‍ വിവേചനം പാടില്ലെന്ന് ഭരണഘടന അനുശാസിക്കുന്നു. നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സില്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടൂക്കുന്നതില്‍ കടുത്ത ജനാധിപത്യവിരുദ്ധ നിര്‍ദ്ദേശങ്ങളാണുള്ളത്. അച്യുതാനന്ദന്‍ ആരോപിക്കുന്നു.

ദേവസ്വം ബോര്‍ഡില്‍ ഒരു വനിതാ അംഗം ഉണ്ടായിരിക്കണമെന്ന നിയമം നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സില്‍ ഒഴിവാക്കിയിരിക്കുന്നു എന്നതാണ് ഏറ്റവും അതിശയിപ്പിച്ചതെന്നും ഭരണരംഗത്ത് സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് സര്‍ക്കാറിന്റെ പുതിയ നീക്കമാണ്.. അങ്ങനെയിരിക്കെ ദേവസ്വംബോര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് നിലവിലുള്ള സംവരണം ഓര്‍ഡിനന്‍സ് വഴി ഇല്ലാതാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അച്യുതാനന്ദന്‍ കത്തില്‍ ആരോപിക്കുന്നു.