എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര ബജറ്റിന് തുടക്കമായി
എഡിറ്റര്‍
Thursday 21st February 2013 11:11am

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനം  ആരംഭിച്ചു. രാഷ്ട്രപതി പ്രണബ്മുഖര്‍ജി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലുമുള്ളവരെ അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. 

Ads By Google

കുര്യന്‍ വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കില്ലെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ തുടങ്ങിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ഇടതുപാര്‍ട്ടികള്‍ ഇന്ന് സഭ ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ ആദ്യ ബജറ്റില്‍  രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ കുറിച്ചായിരിക്കും പ്രധാന ചര്‍ച്ച. ഈ മാസം 26 ന് റെയില്‍വെ ബജറ്റും, 28 ന് പൊതു ബജറ്റും അവതരിപ്പിക്കും.

പൊതു ബജറ്റിന് മുമ്പായി തന്നെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യ പാദം മാര്‍ച്ച് 21 വരെയും തുടര്‍ന്ന് ഏപ്രില്‍ 22 ന് ചേര്‍ന്ന് മെയ് പത്തിന് സഭ പിരിയുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ദേശീയ പണിമുടക്കിനാധാരമായ വിഷയങ്ങള്‍ വെള്ളിയാഴ്ച പ്രതിപക്ഷം ഉന്നയിക്കാനാണ് സാധ്യത. കൂടാതെ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരെയുള്ള ആരോപണങ്ങളും, ഹെലികോപ്റ്റര്‍ ഇടപാടും സഭയെ പ്രക്ഷുബ്ധമാക്കും.

കുര്യനെതിരെയുള്ള ആരോപണം  ബി.ജെ.പിയും ഇടതുപക്ഷവും സ ഭയില്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്. പക്ഷെ ഈ വിഷയം  കേരളത്തിന്റേത് മാത്രമായതിനാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗത്തിലും കുര്യനെ സംരക്ഷിക്കാനാണ് തീരുമാനമെടുത്തിരുന്നത്.

അതിനിടെ, താന്‍ നിരപരാധിയാണെന്ന് കാണിച്ച് പി.ജെ. കുര്യന്‍ രാജ്യസഭാ അംഗങ്ങള്‍ക്ക് കത്തെഴുതി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കെതിരെ  മൂന്ന് തവണ അന്വേഷണം നടത്തിയിട്ടും  ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കുര്യന്‍ കത്തില്‍ വിശദീകരിച്ചു.

വിലക്കയറ്റം, അഴിമതി എന്നീ വിഷയങ്ങള്‍ സഭയില്‍ ശക്തമായി അവതരിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുമെന്നും,സഭയുടെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ പാര്‍ട്ടുകളുടെ പൂര്‍ണസഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു.

ആഗോള സാമ്പത്തിക രംഗത്തെ വീണ്ടും മാന്ദ്യം പിടിച്ചടക്കിയ സാഹചര്യത്തില്‍ സാമ്പത്തിക മേഖല ഉത്തേജിപ്പിക്കുന്നതിനായുള്ള നടപടികള്‍ക്ക് കാര്യക്ഷമമായ ചര്‍ച്ച ആവശ്യമാണെന്നും  ഇതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണം കൂടിയേ തീരൂവെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement