തിരുവനന്തപ്പുരം: എലിപ്പനി പടരുന്നത് സാധാരണമാണെന്നും സര്‍ക്കാറിന്റെ പ്രതിഛായയെ ഇത് ബാധിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഇത്തവണ രോഗങ്ങള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ കേരളത്തില്‍ പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം. യോഗം അല്‍പ സമയത്തിനകം കോഴിക്കോട് കലക്ടറേറ്റില്‍ യോഗം ചേരും. എലിപ്പനിക്കൊപ്പം കോളറയും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം.

അതേസമയം, തദ്ദേശ ഭരണ സ്ഥാനപനങ്ങള്‍ എന്‍.ആര്‍.എച്ച്.എം വഴി കിട്ടിയ പണം വേണ്ട രീതിയില്‍ വിനിയോഗിക്കാത്തതാണ് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കാന്‍ കാരണം എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതമൂലം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാനത്ത് എലിപ്പനിയും പകര്‍ച്ചപ്പനിയും വ്യാപിക്കാന്‍ കാരണം തദ്ദേശഭരണ സ്ഥാനപനങ്ങളുടെ വീഴ്ചയും ജനങ്ങളുടെ സ്വയം ചികിത്സയുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. ആവശ്യമെങ്കില്‍ ഐ.എം.എ പനി ക്ലിനിക്കുകള്‍ തുടങ്ങുമെന്നും ഐ.എം.എ നേതാക്കള്‍ വ്യക്തമാക്കി.

കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചപ്പനിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തുന്നുണ്ട്. പനി പടര്‍ന്ന പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. എലിപ്പനി ബാധിച്ച് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 50 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.