തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരിലേറെയും മദ്യപാനികളും കരള്‍ രോഗികളുമാണെന്ന് കേന്ദ്ര പഠന സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ക്ക പ്രതിരോധ ശേഷി കുറഞ്ഞതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും ഇവര്‍ക്കിടയില്‍ ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിച്ചവരില്‍ ഏറെ പേരും പാദരക്ഷ ധരിക്കാത്തവരും കൃഷിപ്പണിക്കാരുമാണ് . എലിപ്പനി വ്യാപകമായി പടരാന്‍ കാരണം കാലാവസ്ഥയാണ്.  പനി പടരുന്നത് മുന്‍കൂട്ടി കാണാനായില്ല. മാലിന്യം ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്തില്ലെന്നും വകുപ്പുകളുടെ ഏകോപനത്തിലും പിഴവുണ്ടായതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Subscribe Us:

നേരത്തെ ആരോഗ്യമന്ത്രി അടുര്‍ പ്രകാശും സമാന പ്രസ്താവന നടത്തിയിരുന്നു. എലിപ്പനി മുലം മരിച്ചവരിലേറെയും മദ്യപാനികളാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി പിന്നീട് മാപ്പ് പറഞ്ഞിരുന്നു. പ്രസ്താവനയില്‍ ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മരിച്ചവരിലേറെയും മദ്യപാനികളാണെന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര സംഘം രംഗത്തെത്തിയിരിക്കുന്നത്.

ഡോക്ടര്‍ യു.ബി.എസ് റാണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പനി ബാധിച്ച പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സൂചന.

കേരളത്തില്‍ പകര്‍ച്ചപ്പനി മൂലം ഇത്തവണ ഇരുന്നൂറിനടുത്ത് ആളുകള്‍ മരിച്ചതായാണ് ഔദ്ദ്യോഗിക കണക്കുകള്‍. എലിപ്പനി ബാധിച്ച് ഇന്നും നാല് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് മെഡി്ക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് മരിച്ചത്.