കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരം ആരംഭിച്ച ലേക്‌ഷോര്‍ ആശുപത്രിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. നഴ്‌സുമാര്‍ സമരം ആരംഭിച്ചതിനാല്‍ ആശുപത്രി പ്രവര്‍ത്തനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

സമരം മൂലം രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും ഇത് പോലീസ് സംരക്ഷണത്തിലൂടെ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം, ലേക്‌ഷോര്‍ ആശുപത്രിയിലെ സമരം മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സ്റ്റാഫ് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹെഡ്‌നഴ്‌സുമാരും പണിമുടക്കി.

ലേക്‌ഷോറില്‍ കഴിഞ്ഞദിവസം മാനേജ്‌മെന്റ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വേതനവര്‍ധനവെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മാനേജ്‌മെന്റ് തുറന്നടിച്ചതോടെയാണിത്. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ലേക്‌ഷോര്‍ അധികൃതര്‍ കഴിഞ്ഞദിവസം 50 നഴ്‌സുമാരെ പുതുതായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെ സമരം നടത്തിയ 50ഓളം നഴ്‌സുമാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇന്ന് അന്‍പത് നഴ്‌സുമാരെക്കൂടി ഇവര്‍ പുതുതായി നിയമിച്ചിട്ടുണ്ട്.

കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍, വേതനവര്‍ധനവും മികച്ച തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിക്കുകയാണ്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാര്‍ പണിമുടക്കി സമരം തുടങ്ങിയിട്ടുണ്ട്.

Malayalam News
Kerala News in English