തിരുവനന്തപുരം: മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പ്രഖ്യാപനം ഇന്നുണ്ടാകില്ല. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യപ്രകാരമാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചക്കായി ലീഗ് നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമാകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് മന്ത്രി മാരുടെ കാര്യത്തില്‍ ഹൈക്കമാന്റിന് സമര്‍പ്പിച്ച പട്ടികയില്‍ സ്വാഭാവികമാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചര്‍ച്ചയുടെ ഭാഗമായി മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്നും എന്നാല്‍ അര്‍ഹിക്കുന്ന പലരെയും ഉള്‍പ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്‍.ശക്തനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് ഓരോരുത്തരുടെയും കാര്യം പ്രത്യേകം പറയാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.