ചലച്ചിത്ര സംഗീത രംഗത്ത് അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ.കെ.ജെ.യേശുദാസിനെ കേരള നിയമസഭ ആദരിക്കും.  ഏപ്രില്‍ 11 ന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അദ്ധ്യക്ഷനായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാര്‍, കക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

യേശുദാസിനെപ്പറ്റി  പി.ആര്‍.ഡി. നിര്‍മ്മിച്ച ‘സദ്ഗുരു’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും.  മലയാളിയും മലയാളവും ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ശബ്ദമാണ് യേശുദാസിന്റേതെന്നും ശാസ്ത്രീയ സംഗീതത്തിന്റെയും, ലളിതഗാനത്തിന്റെയും,സിനിമാ ഗാനത്തിന്റെയും മണ്ഡലങ്ങളില്‍ അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ച യേശുദാസ് ജീവിച്ചിരിക്കുന്ന ഇതിഹാസം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്നും, മാര്‍ച്ച് 22 ന് നിയമസഭയില്‍ നടത്തിയ പ്രത്യേക പരാമര്‍ശത്തില്‍ സ്പീക്കര്‍ പറഞ്ഞു.

അതികഠിനമായ പരിശ്രമത്തിന്റെ യാതാനാപൂര്‍ണമായ യാത്രയിലൂടെയാണ് അദ്ദേഹം ഗാനഗന്ധര്‍വനായി വളര്‍ന്നത്.  അദമ്യമായ ഇച്ഛാശക്തിയുടെയും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധത്തിന്റെയും നിറവായ ആ സംഗീത ജീവിതം യുവതലമുറ മാതൃകയാക്കേണ്ടതാണ്  സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.