തിരുവനന്തപുരം: വി.എ അരുണ്‍കുമാറിനെ ഐ.സി.ടി.എ ഡയറക്ടറായി നിയമിച്ചത് നിയമസഭാസമിതി അന്വേഷിക്കുന്നു. പി.സി.വിഷ്ണുനാഥ് എം.എല്‍.എയുടെ പരാതിയിന്‍മേലാണ് അന്വേഷണം. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്‌

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖഹാജരാക്കി പി.സി വിഷ്ണുനാഥ് പത്രസമ്മേളനവും നടത്തി. ഐ.സി.ടി.എ ഡയറക്ടര്‍ എന്ന നിലയില്‍ വി.എ അരുണ്‍കുമാര്‍ ഒപ്പിട്ട രേഖയാണ് വിഷ്ണുനാഥ് ഹാജരാക്കിയത്.

മുന്‍ സര്‍ക്കാറിന്റെ അവസാന കാലത്ത് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന് പുതിയ നിയമനം നല്‍കിയെന്നായിരുന്ന ആരോപണം പി.സി വിഷ്ണുനാഥ് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ അധികാരമൊഴിയാനിരിക്കെ സര്‍ക്കാര്‍ രൂപംകൊടുത്ത ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി (ഐ.സി.ടി.എ)യുടെ ഡയറക്ടറും മെംബര്‍ സെക്രട്ടറിയുമായി അരുണ്‍കുമാറിനെ നിയമിച്ചുവെന്നാണ് ആരോപണം.

അച്യുതാനന്ദന് പുറമെ മന്ത്രി എം.എ. ബേബി, ചീഫ് സെക്രട്ടറി പ്രഭാകരന്‍, വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ധനസെക്രട്ടറി എ.കെ. ദുബെ, വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസ്, ഐ.ടി. സെക്രട്ടറി സുരേഷ്‌കുമാര്‍, കുസാറ്റ് വി.എസി ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്, ഐ.ച്ച്.ആര്‍.ഡി ഡയറക്ടര്‍ പ്രഫ. വി. സുബ്രഹ്മണി എന്നിവരടങ്ങിയ ഭരണസമിതിയാണ് സംഘം രജിസ്‌ട്രേഷനായി അപേക്ഷ നല്‍കിയത്. രജിസ്‌ട്രേഷന്‍ അപേക്ഷയിലും ഗവേണിങ് ബോഡിയുടെ ആദ്യ യോഗത്തിലും ഇവര്‍ എല്ലാവരും ഒപ്പുവെച്ചിട്ടുണ്ട്. വിജ്ഞാപന പ്രകാരം ചീഫ് എക്‌സിക്യൂട്ടിവിനെ നിയമിക്കുന്നതിന് പകരം സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അരുണ്‍കുമാറിനെ നിയമിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്.

ഇങ്ങനെയൊരു നിയമനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രേഖാമൂലം ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു. വിഷ്ണുനാഥ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നിയമസഭാസമിതിയെ കൊണ്ട് അന്വേഷണം നടത്തിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.