തിരുവനന്തപുരം: നിയമസഭാ സമിതി മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കുകയാണ്. മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് സന്ദര്‍ശനം.

സന്ദര്‍ശനത്തിന് മുന്നോടിയായി രാവിലെ തേക്കടിയില്‍ സമിതിയുടെ യോഗം ചേര്‍ന്നിരുന്നു. കേസ് നടത്തിപ്പില്‍ സംസ്ഥാനം ഗുരുതരമായ വീഴ്ച വരുത്തിയതായി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

തുടര്‍ച്ചയായ ഭൂചലനത്തെ തുടര്‍ന്ന് അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എയാണ് സഭാസമിതി സന്ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്. തലസ്ഥാനത്തു നിന്നുള്ള മാധ്യമ സംഘവും സമിതിയെ അനുഗമിക്കുന്നുണ്ട്.

സംഘത്തില്‍ ടി.എന്‍. പ്രതാപന്‍, വി.ടി. ബലറാം, കെ. മുഹമ്മദുണ്ണി ഹാജി, വര്‍ക്കല കഹാര്‍, എ.എം. ആരിഫ്, കെ.കെ. ജയചന്ദ്രന്‍, ജെ.എസ്. ജയലാല്‍, കെ. കുഞ്ഞിരാമന്‍ (ഉദുമ), തോമസ്ചാണ്ടി, തോമസ് ഉണ്ണിയാടന്‍ എന്നിവരാണുള്ളത്.

Malayalam News
Kerala News in English