എഡിറ്റര്‍
എഡിറ്റര്‍
മരുന്നുകമ്പനികള്‍ മാഫിയ സംഘങ്ങളെപ്പോലെ, AKCDAയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് നിയമസഭാസമിതി
എഡിറ്റര്‍
Thursday 21st June 2012 12:59pm

തിരുവനന്തപുരം: മരുന്നു കമ്പനികള്‍ കുത്തക മാഫിയസംഘങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിയമസഭാ സമിതി. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് കേരളത്തിലാണെന്നും സമിതി കണ്ടെത്തി.

മരുന്ന് വിപണന രംഗത്തെ കുത്തക നിര്‍ത്തലാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. മരുന്നു വ്യാപാര സംഘടനയായ എ.കെ.സി.ഡി.എയുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് നിയമസഭാ സമിതി അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അറിയിച്ചു. വിലനിയന്ത്രണം  കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

ജീവന്‍രക്ഷാ മരുന്നുകളുടെ നികുതി ഒഴിവാക്കണം. കൂടുതല്‍ മരുന്നുകള്‍ ജീവന്‍രക്ഷാ മരുന്നുകളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് നിയമസഭാ സമിതി അറിയിച്ചു.

തങ്ങളുടെ മരുന്നു വാങ്ങിയില്ലെങ്കില്‍ കേരളത്തിന് ഇനി മരുന്നു നല്‍കില്ലെന്നു എ.കെ.സി.ഡി.എ പ്രതിനിധികള്‍ സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന അവസ്ഥ വരെ ഉണ്ടായതായി സമിതി കണ്ടെത്തി. റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.

രോഗികളുടെ ജീവനെ ബാധിക്കുന്ന മരുന്നുകള്‍ വരെ ഇവിടെ വില്‍ക്കുന്നു. കേരളത്തിന്റെ തനതു സംസ്‌കാരമായ ആയുര്‍വേദത്തെ ഏറ്റവും മോശമായ രീതിയില്‍ അവതരിപ്പിക്കുന്നത് കേരളത്തില്‍ തന്നെയാണ്. തമിഴ്‌നാട് മെഡിക്കല്‍ കോര്‍പറേഷന്‍ ചെയ്യുന്നതുപോലെ മരുന്നുല്‍പ്പാദന കമ്പനികളില്‍ നിന്ന് നേരിട്ട് മരുന്നു വാങ്ങിക്കാന്‍ നടപടിയുണ്ടാകണം. അങ്ങനെയാണെങ്കില്‍ മരുന്നിന്റെ ഗുണനിലവാരം നേരിട്ടു പരിശോധിക്കാന്‍ കഴിയുമെന്നും സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വിലനിയന്ത്രണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് എ.കെ.സി.ഡി.എ സംസ്ഥാന നേതൃത്വം അറിയിച്ചു.

മരുന്നുകളുടെ അമിത വില വര്‍ധന തടയാന്‍ സര്‍ക്കാരിന് നിലവില്‍ അധികാരമില്ലെന്നാണ് ഈ വിഷയത്തില്‍ മന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചത്.

Advertisement