Categories

നദീസംയോജനം: വിധി പ്രതികൂലമാകില്ലെന്ന് നിയമോപദേശം

ന്യൂദല്‍ഹി: നദീസംയോജന പദ്ധതി സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളം നിയോപദേശം തേടി. വിധി കേരളത്തെ ബാധിക്കില്ലെന്നും കേരളത്തിന് പ്രശ്‌നം സൃഷ്ടിക്കില്ലെന്നും അഡ്വ.വി ഗിരി നിയമോപദേശം നല്‍കി. ആവശ്യം വരികയാണെങ്കില്‍ ഉന്നതാധികാരസമിതിയെ സമീപിച്ചാല്‍ മതിയെന്നും വി.ഗിരി നിയമോപദേശം നല്‍കി.

എന്നാല്‍ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കണമെന്ന് അഡ്വ.മോഹന്‍ കര്‍ത്തായി നിയമോപദേശം നല്‍കിയതായും സൂചനയുണ്ട്. സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്ന നിലപാടിലാണ് സംസ്ഥാനസര്‍ക്കാര്‍.

ഫെബ്രുവരി 27ലെ വിധിയില്‍ സുപ്രീംകോടതി ദേശീയ നദി ബന്ധിപ്പിക്കല്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കിയിരിക്കുന്നു. ദേശീയ നദി ബന്ധിപ്പിക്കല്‍ പദ്ധതിയില്‍ കേരളത്തില്‍നിന്ന് പമ്പ,അച്ചന്‍കോവില്‍വൈപ്പാര്‍ ലിങ്ക് കനാല്‍ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കിക്കിട്ടാന്‍ തമിഴ്‌നാട് എല്ലാവിധ ശ്രമവും 1995 മുതല്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഈ പദ്ധതിക്കെതിരെ കേരളം  ഉറച്ച നിലപാടെടുത്തതോടുകൂടി പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിയ സ്ഥിതിയായിരുന്നു. പക്ഷേ, സുപ്രീംകോടതിയുടെ അവസാന വിധി വന്നതോടെ പദ്ധതിയെപ്പറ്റിയുള്ള ആശങ്കകള്‍ വീണ്ടും ഉയരുകയും വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്തിരിക്കുന്നു.

പമ്പ, അച്ചന്‍കോവില്‍ നദികളില്‍ മിച്ച ജലമുണ്ടെന്നുള്ള ദേശീയ ജല വികസന ഏജന്‍സിയുടെ കണക്കുകളനുസരിച്ച് 634 ദശലക്ഷം ഘന മീറ്റര്‍ വെള്ളം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദീതടത്തിലേക്കു തിരിച്ചുവിടുന്നതിനാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ വരള്‍ച്ചബാധിത ജില്ലകളായ തിരുനെല്‍വേലി, ചിദംബരനാര്‍, കാമരാജാര്‍ ജില്ലകളിലെ 91,400 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കു പ്രയോജനപ്പെടും.

പമ്പാ നദിയുടെ പ്രധാന പോഷകനദികളിലൊന്നായ പമ്പാ കല്ലാറില്‍ ‘പുന്നമേട്’ എന്ന സ്ഥലത്ത് 150 മീറ്റര്‍ ഉയരമുള്ള അണക്കെട്ടും അച്ചന്‍കോവില്‍ കല്ലാറില്‍ ‘ചിറ്റാര്‍മൂഴി’ എന്ന സ്ഥലത്ത് 160 മീറ്റര്‍ ഉയരമുള്ള അണക്കെട്ടും അച്ചന്‍കോവിലാറില്‍ 35 മീറ്റര്‍ ഉയരമുള്ള അണക്കെട്ടും നിര്‍മിക്കും. പുന്നമേട്ടില്‍നിന്ന് എട്ടു കിലോമീറ്റര്‍ തുരങ്കം വഴി വെള്ളം ചിറ്റാര്‍മൂഴി ജലസംഭരണിയില്‍ എത്തിക്കും.

അച്ചന്‍കോവില്‍ ജലസംഭരണിയില്‍നിന്ന് വെള്ളം ചിറ്റാര്‍മൂഴിയിലേക്ക് പമ്പുചെയ്തു കയറ്റും. ചിറ്റാര്‍മൂഴി ജലസംഭരണിയില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കംവഴി വെള്ളം തമിഴ്‌നാട്ടിലേക്കെത്തിക്കും. തുടര്‍ന്ന് ജലം വൈപ്പാര്‍ നദിയുടെ പോഷകനദിയായ അലഗാറില്‍ ചേരുന്ന ഹനുമാന്‍ തോട്ടില്‍ പണിതുകഴിഞ്ഞ മേക്കര ഡാമിലേക്കെത്തിക്കും. അവിടെനിന്ന് കനാലുകള്‍ വഴി വിവിധ സ്ഥലങ്ങളിലേക്ക് ജലസേചനത്തിനുപയോഗിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 2588 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.