എഡിറ്റര്‍
എഡിറ്റര്‍
ഇടതുപക്ഷം മുപ്പതിലേറെ സീറ്റ് നേടും; മൂന്നാം മുന്നണി നീക്കം തെറ്റായിപ്പോയി: ബര്‍ദന്‍
എഡിറ്റര്‍
Monday 17th March 2014 8:45am

bardhan-ap

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുപ്പതിലേറെ സീറ്റ് നേടുമെന്ന് സിപി ഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍. പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് മൂന്നാം മുന്നണിയുണ്ടാക്കാനുള്ള ഇടതുപാര്‍ട്ടികളുടെ പദ്ധതി തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2009ല്‍ തങ്ങള്‍ 24 സീറ്റ് നേടി. സീറ്റ് കുറയുമെന്ന് പ്രചരിപ്പിക്കുന്നത് ഇടതുപക്ഷത്തിന്റെ പരാജയം ആഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് മീഡിയകളാണ്. ഇടതുപക്ഷം 32 സീറ്റില്‍ കുറയാതെ നേടുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം മുന്നണിക്കായുള്ള ശ്രമങ്ങള്‍ക്കിടെ ജയലളിത സഖ്യം വിട്ടുപോയത് തങ്ങള്‍ക്ക് തിരിച്ചടിയായി. പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണി ശ്രമകരമായ ദൗത്യമാണെന്നും തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ഏകാധിപത്യ സ്വാഭാവമുള്ളയാളാണ്. യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളാണ് അവരെ ജനങ്ങളില്‍ നിന്ന് അകറ്റിയതെന്നും ആം ആദ്മി പാര്‍ട്ടി ദല്‍ഹി പോലെ ചിലയിടങ്ങളില്‍ മാത്രമൊതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement