എഡിറ്റര്‍
എഡിറ്റര്‍
കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ബംഗാളില്‍ ഇടുത് പ്രതിഷേധം; സമരക്കാരും പൊലീസും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍
എഡിറ്റര്‍
Monday 22nd May 2017 9:18pm

കൊല്‍ക്കത്ത: കര്‍ഷകരുടെ സംഘടനകളുടെ നേതൃത്വത്തില്‍ ഇടത് പ്രവര്‍ത്തകര്‍ ബംഗാളില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ‘നബന്ന അഭിജാന്‍’ എന്ന് പേരില്‍ കര്‍ഷക സ്വാതന്ത്ര്യം എന്ന മുദ്രാവാക്യവുമായാണ് ബംഗാളില്‍ കര്‍ഷകര്‍ വന്‍ സമരം നടത്തിയത്. ബംഗാള്‍ നിയമസഭാ മന്ദിരത്തിലേക്ക് നടന്ന മാര്‍ച്ചില്‍ നാല് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മാര്‍ച്ച് അവസാനിച്ചത്.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കുക, സാമൂഹിക സമത്വം നടപ്പില്‍ വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവും സമരക്കാര്‍ മുന്നോട്ട് വച്ചിരുന്നു.


Also Read: ‘ഈ വീട്ടമ്മയ്ക്ക് മുന്നില്‍ എവറസ്റ്റിന് മുന്നിലെന്ന പോലെ തലകുനിക്കുന്നു’; അഞ്ച് ദിവസത്തിനിടെ രണ്ട് വട്ടം എവറസ്റ്റിനെ കീഴടക്കിയ വീട്ടമ്മയ്ക്ക് മഞ്ജു വാര്യരുടെ അഭിവാദ്യം


ബംഗാളിലെ കൊയ്ത്തുത്സവമാണ് നബന്ന. നബന്നയിലേക്കുള്ള മാര്‍ച്ച് എന്നായിരുന്നു ഇതിന് സമരക്കാര്‍ നല്‍കിയ പേര്. സിപിഎമ്മിന്റെ കിസാന്‍ സഭയാണ് ഇതിന് പ്രധാന നേതൃത്വം നല്‍കിയത്. ഇതിന് മറ്റ് ഇടത് സംഘടനകളുടെ കര്‍ഷക സംഘടനകളും പിന്തുണയുമായെത്തി.സിപിഎമ്മും മറ്റ് ഇടത് രാഷ്ട്രീയ പാര്‍ട്ടികളും കൂടി പങ്കാളികളായതോടെ വന്‍ സമരത്തിനുള്ള സന്നാഹമായി ഇത് മാറുകയായിരുന്നു.

ചാനല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗാള്‍ പൊലീസ് ഇവര്‍ക്കെതിരെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ചു. ലാത്തി ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇടതുപക്ഷം വന്‍ പ്രതിഷേധത്തിന് സന്നാഹമൊരുക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രണ്ടായിരത്തിലധികം വരുന്ന പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.


Don’t Miss: ‘തനിക്കൊരു ജട്ടി ഇട്ടൂടെടോ!’; മുംബൈയുടെ വിജയം ഉടു തുണി പറിച്ചാടി ആഘോഷിച്ച് ജോസ് ബട്‌ലര്‍, വീഡിയോ കാണാം


സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതായാണ് വിവരം. നഗരത്തെ നിശ്ചലമാക്കിയുള്ള സമരമായിരുന്നു ഇടത് പ്രവര്‍ത്തകര്‍ നടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പുറമേ തൊഴിലില്ലായ്മയും മറ്റ് പല പ്രശ്‌നങ്ങളും മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ഇടതുപക്ഷം ഉന്നയിച്ചിരുന്നു.

Advertisement