ന്യൂദല്‍ഹി: തുടര്‍ച്ചായയുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെതിരെ ഇടതു പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്. രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിക്കാന്‍ സി.പി.ഐ.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വം ആഹ്വാനം ചെയ്തു.

ഹര്‍ത്താലും പ്രകടനവുമടക്കം എല്ലാ പ്രതിഷേധ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വില ഗണ്യമായി കുറയുന്ന ഘട്ടത്തിലാണ് ആഭ്യന്തര വിലകളില്‍ വലിയ വര്‍ധന വരുത്തിയിരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍വതോമുഖമായ വില വര്‍ധനയും പണപ്പെരുപ്പം 9 ശതമാനത്തിനുമേലെ എത്തുകയും ചെയ്യുമ്പോയാണ് എണ്ണ വില കൂട്ടിയത്.

ഡീസല്‍ വില വര്‍ധന ചരക്കു കൂലി കൂടുന്നതിന് ഇടയാക്കും. കര്‍ഷകരെയും ഇത് ബാധിക്കും. മണ്ണെണ്ണ വില വര്‍ധന ദരിദ്രരെയും പാചക വാതക വില വര്‍ധന സാധാരണക്കാരെയും ബാധിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി പുനഃസംഘടിപ്പിക്കണമെന്നും മൂല്യവര്‍ധിത നികുതി ഒഴിവാക്കണമെന്നും ഇടതുപക്ഷം ദല്‍ഹിയില്‍ ആവശ്യപ്പെട്ടു.