allparty-meating

ന്യൂ ദല്‍ഹി: ആഗസ്റ്റ് 23 ചൊവ്വാഴ്ച ദേശീയ പ്രതിഷേധദിനമായി ആചരിക്കാന്‍ ഇടതുപക്ഷമുള്‍പ്പടെയുള്ള ഒമ്പത് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. അഴിമതി തടയാന്‍ കര്‍ശനമായ നിയമമുണ്ടാക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍  ഉന്നയിച്ചാണ്‌ രാജ്യവ്യാപക പ്രതിഷേധദിനമായി ആചരിക്കൂക.

23ാം തിയതി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനവും ധര്‍ണയും റാലിയും നടത്താന്‍ യു.പി.എ-എന്‍.ഡി.എ ഇതരകക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. സി.പി.ഐ .എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ്‌ബ്ലോക്ക്, ടി.ഡി.പി, ജെ.ഡി.എസ്, ബി.ജെ.ഡി, ആര്‍.എല്‍.ഡി, എ.ഐ.എ.ഡി.എം.കെ എന്നീ  പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ തീര്‍ത്തും ദുര്‍ബലവും അഴിമതി തടയാന്‍ അപര്യാപ്തവുമാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സി.പി.ഐ .എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ ലോക്പാല്‍ ബില്‍ സ്വീകാര്യമല്ല. ശക്തവും ഫലപ്രദവുമായ പുതിയ ബില്‍ കൊണ്ടുവരണം. രാജ്യത്തിന്റെ വികാരം ഇപ്പോള്‍ അഴിമതിക്കെതിരെയാണ് കാരാട്ട് പറഞ്ഞു. അഴിമതി തടയാന്‍ ഒരു നടപടിയും യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ ദേശീയ ജുഡീഷ്യല്‍  കമ്മീഷന്‌ വഴിയൊരുക്കുന്ന ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പാസാക്കുകയും വേണം. അതോടൊപ്പം  തിരഞ്ഞെടുപ്പില്‍ പണാധിപത്യവും ക്രിമിനല്‍വല്‍ക്കരണവും തടയുന്നതിന് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും നടപ്പാക്കണം. കള്ളപ്പണം കണ്ടെത്താനും വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വീണ്ടെടുക്കാനും നടപടികളുണ്ടാകണം. അണ്ണ ഹസാരെയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ നേതാക്കള്‍ വിമര്‍ശിച്ചു.

മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി (സി.പി.ഐ .എം), എ.ബി ബര്‍ദന്‍ , ഡി രാജ, എസ് സുധാകര്‍റെഡ്ഡി (സി.പി.ഐ), ദേവബ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ലോക്ക്), അബനിറോയ്(ആര്‍.എസ്.പി), ചന്ദ്രബാബുനായിഡു, നമ നാഗേശ്വരറാവു(ടി.ഡി.പി), അജിത് സിങ് (ആര്‍.എല്‍.ഡി), ഭര്‍തൃഹരി മെഹ്താബ്(ബി.ജെ.ഡി), തമ്പിദുരൈ (എ.ഐ.എഡിഎംകെ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.