തിരുവനന്തപുരം: സംസ്ഥാനത്ത് മത തീവ്രവാദ സംഘടനകളും ഇടത് തീവ്രവാദ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.ഡി.എഫ് പോലെയുള്ള മത സംഘടനകളും പോരാട്ടം, റവല്യൂഷണറി, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് തുടങ്ങിയ സംഘടനകള്‍ ഇത്തരത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

തീവ്രവാദികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനമാണ് എന്ന് ആരോപിച്ചാണ് ഇവര്‍ ഒന്നിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പോലീസ് ഇന്റലിജന്‍സ് സംവിധാനം ശക്തമാക്കും. നിയമസഭയില്‍ ജി.കാര്‍ത്തികേയന്റെ ചോദ്യത്ത്‌ന് മറുപടിയായാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

ട്രാഫിക് മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സ്‌പെഷ്യല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ട്രാഫിക് യൂണിറ്റുകളും തസ്തികകളും സൃഷ്ടിക്കും. നഗരങ്ങളില്‍ കൂടുതല്‍ ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കുമെന്നും കോടിയേരി നിയമസഭയില്‍ അറിയിച്ചു.