ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സും ചെക്ക് താരം റഡേക് സ്‌റ്റെപാനെക്കും ഉള്‍പ്പെടുന്ന സഖ്യം ഫൈനലിലെത്തി.

സെമിയില്‍ ആദ്യ സെറ്റില്‍ 6-6 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോള്‍ സ്‌പെയിനിന്റെ മാര്‍സല്‍ ഗ്രാനോലേഴ്‌സ്- മാര്‍ക് ലോപ്പസ് സഖ്യം പിന്‍മാറിയതിനെത്തുടര്‍ന്നാണ് പെയ്‌സ് -സ്‌റ്റെപാനെക്ക് സഖ്യം ഫൈനലിലെത്തിയത്.

Ads By Google

ഫൈനലില്‍ രണ്ടാം സീഡായ അമേരിക്കയുടെ ബോബ് ബ്രയാന്‍ – മൈക്ക് ബ്രയാന്‍ സഖ്യമാണ് ഇന്തോ ചെക് ടീമിന്റെ എതിരാളി. അഞ്ചാം സീഡായ പെയ്‌സ്- സ്‌റ്റെപാനെക് സഖ്യത്തിനായിരുന്നു ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം.

സെമിയില്‍ പാക്കിസ്ഥാന്റെ അയ്‌സാം ഉള്‍ ഹഖ് ഖുറേഷി- ഹോളണ്ടിന്റെ ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റിന്‌ കീഴടക്കിയാണ് ബ്രയാന്‍ സഹോദരന്‍മാര്‍ ഫൈനലില്‍ പ്രവേശിച്ചത്.

സീസണിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ പെയ്‌സ് – സ്റ്റെഫാനക് കൂട്ടുകെട്ട് യു.എസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ബ്രയാന്‍ സഹോദരന്‍മാര്‍ കനത്ത വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക.