സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണ്‍ പുരുഷവിഭാഗം ഡബിള്‍സ് കിരീടം ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യത്തിന്. ഫൈനലില്‍ ഫ്രാന്‍സിന്റെ മൈക്കല്‍ ലോദ്ര- സെര്‍ബിയയുടെ നെനാന്ദ് സിമോണിക് സഖ്യത്തെ തോല്‍പിച്ചാണ് ഇന്ത്യന്‍ ജോഡികള്‍ സീസണിലെ മൂന്നാം കിരീടമുയര്‍ത്തിയത്. നേരത്തെ സോണി എറിക്‌സണ്‍ ഓപ്പണും ചെന്നൈ ഓപ്പണും ലീ-ഹാഷ് സംഖ്യം നേടിയിരുന്നു.

ഒരു മണിക്കൂര്‍ 41 മിനിട്ട് നീണ്ട് നിന്ന പോരാട്ടത്തിനൊടുവില്‍ 7-6(4), 7-6(2) എന്ന സ്‌കോറിനാണ് ലീ-ഹാഷ് സംഖ്യത്തിന്റെ വിജയം. തുടര്‍ച്ചയായി മൂന്നാം കിരീടമെന്ന് എതിരാളികളുടെ സ്വപ്‌നമാണ് ഇന്ത്യന്‍ ജോഡികള്‍ തകര്‍ത്തത്. നേരത്തെ ലെഗ്മാസണ്‍ ടെന്നീസ് ക്ലാസികും റോജര്‍ കപ്പും ഫ്രഞ്ച് ജോഡികള്‍ നേടിയിരുന്നു. തുടര്‍ച്ചയായ 11 മത്സരങ്ങള്‍ ജയിച്ചെത്തിയ എതിരാളികളുടെ വിജയകുതിപ്പിനാണ് ഇന്ത്യന്‍ ജോഡികള്‍ തടയിട്ടത്.

പേസ്-ഭൂപതി സഖ്യം പത്തു വര്‍ഷത്തിനുശേഷമാണ് സിന്‍സിനാറ്റി ഓപ്പണില്‍ കിരീടം നേടുന്നത്. നേരത്തെ ടോപ്‌സീഡുകളും നിലവിലെ ചാംപ്യന്‍മാരുമായ അമേരിക്കയുടെ ബോബ് മൈക്ക് സഹോദരന്‍മാരെ സെമിയില്‍ തകര്‍ത്താണ് ഇന്ത്യന്‍ ജോഡികള്‍ ഫൈനലിലെത്തിയത്.