എഡിറ്റര്‍
എഡിറ്റര്‍
ആര്‍ക്കൊപ്പം വേണമെങ്കിലും കളിക്കാം: പെയ്‌സ്
എഡിറ്റര്‍
Friday 29th June 2012 12:26pm

ന്യൂദല്‍ഹി: വാഗ്വാദങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒരു പക്ഷേ ഇവിടെ വിരാമമായേക്കാം. ഒളിമ്പിക്‌സ് ടെന്നിസില്‍ താന്‍ ആര്‍ക്കൊപ്പം വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ്  എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പെയ്‌സ്.

‘ ആറാമത് ഒളിമ്പിക്‌സ് ടെന്നിസില്‍ മത്സരിക്കണമെന്നത് എന്റെ ഒരു സ്വപ്‌നമാണ്. അസോസിയേഷന്റെ ഒളിമ്പിക്‌സ് സെലക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ഞാന്‍ മറക്കുകയാണ്. ആ വിവാദങ്ങളൊന്നും ഇനി എന്നെ ബാധിക്കില്ല. ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്‍ പറയുന്ന ആര്‍ക്കൊപ്പവും  മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ മത്സരിക്കുകയെന്നതാണ് വലിയ കാര്യം. എന്റെ ജോഡിയായി വിഷ്ണുവര്‍ദ്ധന്‍ വരുന്നതില്‍ സന്തോഷമേയുള്ളു. വളരെ കഴിവുള്ള താരമാണ് അദ്ദേഹം. ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ എങ്ങനെ വരുമെന്നൊന്നും അറിയില്ല. എങ്കിലും മികച്ച പ്രകടനത്തിനായി ശ്രമിക്കാം”.-പെയ്‌സ് പറഞ്ഞു.

ടെന്നിസ് അസോസിയേഷനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ആഞ്ഞടിച്ചിരുന്നു. കടുത്ത ഭാഷയിലായിരുന്നു സാനിയയുടെ വിമര്‍ശനം. പെയ്‌സ്- ഭൂപതി പ്രശ്‌നത്തിനിടയിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നായിരുന്നു സാനിയയുടെ വാദം.

റാങ്കില്‍ പെയ്‌സിനേക്കാള്‍ താഴെയുള്ള വിഷ്ണുവര്‍ദ്ധനെയായിരുന്നു അസോസിയേഷന്‍ പെയ്‌സിന്റെ ജോഡിയായി പ്രഖ്യാപിച്ചത്‌. എന്നാല്‍ റാങ്കില്‍ തന്നേക്കാളും താഴെയുള്ള ഒരു താരത്തോടൊപ്പം കളിക്കാനാവില്ലെന്നായിരുന്നു അന്ന് പെയ്‌സ് പറഞ്ഞിരുന്നത്‌. സാനിയയ്‌ക്കൊപ്പം കളിക്കാന്‍ താന്‍ തയ്യാറാണെന്നും അതിന് സാനിയ എഗ്രിമെന്റ് ചെയ്യണമെന്നുള്ള പെയ്‌സിന്റെ വാദത്തെയും സാനിയ കുറ്റപ്പെടുത്തിയിരുന്നു.

എന്തായാലും ആര്‍ക്കൊപ്പം വേണമെങ്കിലും കളിക്കാന്‍ തയ്യാറാണെന്ന പെയ്‌സിന്റെ  തീരുമാനം ടെന്നിസ് അസോസിയേഷന് ആശ്വാസം പകരുന്ന വാര്‍ത്തയാണ്‌.

Advertisement