എഡിറ്റര്‍
എഡിറ്റര്‍
എയ്ഡഡ് പദവി തത്വത്തില്‍ അംഗീകരിച്ചെന്ന്; മുഖ്യമന്ത്രിയുടെ യുടേണ്‍ വിവാദമാകുന്നു
എഡിറ്റര്‍
Wednesday 27th June 2012 11:39am

തിരുവനന്തപുരം : കേന്ദ്രസഹായത്താല്‍ ആരംഭിച്ച മലപ്പുറത്തെ 35സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ച 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കിമാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് കഴിഞ്ഞദിവസം നിയമസഭയില്‍ പ്രഖ്യാപിച്ചതോടെയാണ് നടപടി വിവാദമായത്. കഴിഞ്ഞദിവസം അബ്ദുറബ്ബിനെ തിരുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നിലപാട് മാറ്റി രംഗത്തെത്തിയത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി.

സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇത് ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എല്ലാകാര്യങ്ങളും പരിഗണിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂ. ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതകളുണ്ടെങ്കില്‍ യു.ഡി.എഫില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സബ്മിഷനായി ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി ഇന്നലെ തിരുത്തിയിരുന്നുവെന്നും ഇതിലെ നിജസ്ഥിതി അറിയിക്കണമെന്നും വി.എസ് ആവശ്യപ്പെടുകയായിരുന്നു. മന്ത്രിസഭായോഗത്തിനുശേഷം സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്ടോയെന്നും വി.എസ് ചോദിച്ചു മന്ത്രിസഭായോഗം അട്ടിമറിച്ച വിദ്യാഭ്യാസ മന്ത്രിയെ അദ്ദേഹം ആവശ്യപ്പെട്ടു. ഈ സബ്മിഷന് മറുപടി നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി നിലപാട് തിരുത്തി രംഗത്തെത്തിയത്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ സ്‌കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള നീക്കം ആരംഭിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയാണ് ഇതുസംബന്ധിച്ച ഫയലുകള്‍ നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 13ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിനുശേഷമാണ് ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ ഈ സ്‌കൂളുകള്‍ എയ്ഡഡ് ആക്കുമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം വിവാദമായതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. താനാണ് മുഖ്യമന്ത്രിയെന്നും അന്തിമ തീരുമാനം തന്റേതായിരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് പ്രശ്‌നം സഭയുടെ ശ്രദ്ധയില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി നിലപാട് തിരുത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിനെതുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ഇതിനിടെ മുസ്‌ലീം ലീഗിനെ ലക്ഷ്യം വെയ്ക്കുകയാണെന്നും ഏത് വിഷയത്തിനും സാമുദായിക നിറം നല്‍കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ് മന്ത്രി കുഞ്ഞാലിക്കുട്ടിയും പ്രശ്‌നത്തില്‍ ഇടപെട്ടു.

ലീഗിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ടെന്നും ലീഗ് ഓടിളക്കിയല്ല വന്നതെന്നും ജനങ്ങള്‍ വോട്ട് ചെയ്തു തന്നെയാണ് നിയമസഭയില്‍ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഞങ്ങളും ഓടിളക്കിയല്ല സഭയില്‍ എത്തിയതെന്ന് വി.എസും തിരിച്ചടിച്ചു. ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയില്‍ നല്‍കിയിട്ടില്ല.

അതേസമയം, മുഖ്യമന്ത്രിയ്ക്കും ലീഗുനുമെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടും ലീഗ് നേതാക്കളൊഴികെ മറ്റാരും ഇവരെ പ്രതിരോധിച്ചില്ലയെന്നതും ശ്രദ്ധേയമാണ്.

Advertisement