മലപ്പുറം: മുസ്ലിംലീഗും സമസ്തയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കൊടപ്പനക്കല്‍ തറവാട്ടില്‍ ലീഗ് നേതാക്കളും സമസ്ത നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ഹൈദരലി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.

സമസ്തയും ലീഗും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും എല്ലാ കാലത്തും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി. സമസ്തയും ലീഗും തമ്മിലുള്ള ഭിന്നത ഇല്ലാതാക്കാനാണ് യോഗം ചേര്‍ന്നതെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Subscribe Us:

ലീഗിനും സമസ്തയ്ക്കും ഇടയില്‍ ഭിന്നതയുണ്ടായിരുന്നില്ലെന്നും കുറെ ഇഷ്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ചര്‍ച്ചക്കു ശേഷം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, ഇ. അഹമ്മദ്, എം.സി. മായിന്‍ഹാജി, സമസ്ത നേതാക്കളായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമീപകാലത്ത് എ.പി വിഭാഗവുമായി ലീഗ് അടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുപ്പം ദൃഢമായി. ഇത് എ.പി സമസ്തയുടെ ബദ്ധവൈരികളായ ഇ.കെ സമസ്തക്കാരില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

ഇതിനിടെ ലീഗ് യുവജന സംഘടനയായ എം.എസ്.എഫും ഇ.കെ സമസ്ത യുവജന സംഘടനയായ എസ്.കെ.എസ്.എസ്.എഫും തമ്മിലും പ്രശ്‌നമുണ്ടായി. ഈ വര്‍ഷം നടന്ന എം.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ പെണ്‍കുട്ടികള്‍ക്ക് തുറന്നസ്ഥലത്ത് നമസ്‌കാര സൗകര്യമൊരുക്കിയതിലും വനിത-പുരുഷ പ്രതിനിധികളെ ഇടപഴകാന്‍ സഹായിക്കുംവിധം സദസ്സ് ഒരുക്കിയതിലും കോഴിക്കോട്ടുചേര്‍ന്ന സമസ്ത ഭാരവാഹികളുടെ യോഗം കടുത്ത വിമര്‍ശം നടത്തിയിരുന്നു.

നിര്‍മല്‍ മാധവന്റെ എന്‍ജിനിയറിങ് കോളേജ് പ്രവേശന വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രഖ്യാപനത്തിനെതിരെയും സമസ്ത പരസ്യമായി രംഗത്തുവന്നിരുന്നു.

Malayalam News
Kerala News in English