Categories

‘ചെഗുവേരയെന്താ സമസ്തയുടെ നേതാവോ!!’: ഡി.വൈ.എഫ്.ഐയുടെ അക്രമത്തിനെതിരെ പോസ്റ്റിട്ട പി.കെ ഫിറോസിന് ലീഗുകാരുടെ ആക്രമണം

കോഴിക്കോട്: ലീഗ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. സമസ്തയുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് ചില വിഷയങ്ങളില്‍ ഫിറോസ് നടത്തിയ അഭിപ്രായങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ആക്രമണം.

ഇ.ടി മുഹമ്മദ് ബഷീറിന്റെ മുജാഹിദ് അനുകൂല പരാമര്‍ശത്തിനെതിരെ ഇ.കെ വിഭാഗം രംഗത്തുവന്നതിനെ യൂത്ത് ലീഗ് വിമര്‍ശിച്ചിരുന്നു. മുസ്‌ലിംലീഗിനെ ഒരു മതസംഘടനയ്ക്കും തീറെഴുതി നല്‍കിയിട്ടില്ല എന്നായിരുന്നു യൂത്ത് ലീഗിന്റെ നിലപാട്. ഇതിനു പുറമേ പെണ്‍കുട്ടികളുടെ വിവാഹപ്രായം, അസമയത്തെ മൈക്കുപയോഗം, പെണ്‍ചേലാകര്‍മ്മം തുടങ്ങിയ വിഷയങ്ങളില്‍ സമസ്തയുമായി കൊമ്പുകോര്‍ക്കുന്ന നിലപാടായിരുന്നു പി.കെ ഫിറോസ് സ്വീകരിച്ചിരുന്നത്.

ചെഗുവേരയ്‌ക്കെതിരെ വാട്‌സ്ആപ്പില്‍ കമന്റിട്ടു എന്നതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്റെ ഉപ്പയുടെ അനുജന്റെ മകനെ ആക്രമിച്ചു എന്നായിരുന്നു പി.കെ ഫിറോസിന്റെ പോസ്റ്റ്. ‘ചെഗുവേര ഡി.വൈ.എഫ്.ഐ നേതാവാണെന്ന് കരുതിക്കാണും’ എന്നു പറഞ്ഞുകൊണ്ട് ആക്രമിക്കപ്പെട്ട യുവാവിന്റെ ഫോട്ടോയും ഫിറോസ് പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് ഇതുമായി ഒരു ബന്ധവുമില്ലാത്ത ഫിറോസിന്റെ മുന്‍പരാമര്‍ശത്തിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുന്നത്.

മുസ്‌ലിം ലീഗിനെ ഒരു മതസംഘടനയ്ക്കും തീറെഴുതി നല്‍കിയിട്ടില്ല എന്നായിരുന്നു വേങ്ങര തെരഞ്ഞെടുപ്പിനു പിന്നാലെ പി.കെ ഫിറോസ് പറഞ്ഞത്. ലീഗ് നേതാക്കള്‍ മതസംഘടനയുടെ നിര്‍ദേശം അനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടത്. പ്രവര്‍ത്തകര്‍ അഭിപ്രായ പ്രകടനം നടത്തേണ്ടത് പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ നിന്നുവേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ഫിറോസിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പൊങ്കാല.


Also Read: സംഘപരിവാറിന്റെ ലവ് ജിഹാദ് പ്രചരണം പൊളിഞ്ഞു: നിസാമുദ്ദീനും ഹരിതയും മിശ്രവിവാഹിതരായി, സ്വന്തം വിശ്വാസങ്ങള്‍ അനുസരിച്ചു ഒന്നിച്ചുജീവിക്കുമെന്ന് ദമ്പതികള്‍


ചെഗുവേര സമസ്തയുടെ നേതാവാണെന്ന രൂപത്തിലാണ് പി.കെ ഫിറോസിനെതിരെ സമസ്ത അനുകൂലികളായ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണമെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

‘എടാ ചള്ള് ചെക്കാ നീ ആരടാ സമസ്തക്ക് ആദര്‍ഷം പഠിപ്പിക്കാന്‍?. നിന്റെ വേങ്ങര മോഹം നടക്കാതെ പോയതിലുള്ള അമര്‍ഷം തീര്‍ക്കേണ്ടത് സമസ്തയുടെ നെഞ്ചത്തേക്ക് കയറിയല്ല. ഈ നിലക്ക് നീ പോയാല്‍. നിന്റെ മോഹം ഒരു കാലത്തും നടക്കാന്‍ പോവുന്നില്ല. ഓര്‍ത്തോ.പിന്നെ ഈ സഹോദരനെ ചെയ്ത അക്രമം വളരെ ക്രൂരമായി പോയി’ എന്നാണ് പോസ്റ്റിനു താഴെയുള്ള ഒരു കമന്റ്.

‘മോനേ ഫിറോസേ
ആദ്യമേ പറയട്ടേ..? ഞാനൊരു യഥാര്‍ത്ഥ ‘മുസ്‌ലിം ലീഗു’കാരനാണ് പക്ഷേ.. അതിനേക്കാള്‍ ഒരായിരം മടങ്ങ് ‘പുണ്യ സമസ്തയെ’ സ്‌നേഹിക്കുന്ന വ്യക്തിയാണ്-അല്‍ഹംദുലിള്ളാഹ്.
വലത് കയ്യില്‍ ഖായിദു-സ്സമാനത്തിന്റെ പതാകയും, ഇടത് കയ്യില്‍ ഖായിദേ-മില്ലത്തിന്റെ പതാകയും നെഞ്ചേറ്റുന്ന ഒരു സദാരണക്കാരില്‍ സാദാരണക്കാരന്‍.
*ഫിറോ…ആവേശമൊക്കെ കൊള്ളാം പക്ഷേ..അത് അമിതമാകരുത് -അമിതമായാല്‍ അമൃതവും വിഷമാണ്. മോന്‍ ആരെയാണ് ഈ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുന്നത്..? വെമ്പാലകളും, കരിമുര്‍ഖനുകളും കണ്ട് വളര്‍ന്ന സമസ്തയെയോ..? പ്രമേയമെന്നൊക്കെ പറഞ്ഞ് സമസ്തയെ പേടിപ്പിക്കാന്‍ നോക്കണ്ട. നിങ്ങള്‍ കട്ടന്‍ ചായയില്‍ പരിപ്പ് വട മുക്കി കഴിക്കുന്ന കാലത്ത് സമസ്ത പ്രമേയമവതരിപ്പിക്കുന്നുണ്ട്, മോനൊക്കെ മൂക്കൊലിപ്പിച്ച് നടക്കുന്ന കാലത്ത് സമസ്തയുടെ ആലിമീങ്ങള്‍ ഫത്വവ കൊടുക്കുന്നുണ്ട്.*
*അത് കൊണ്ട് ഞങ്ങളാ പ്രമേയത്തിന്റെ കടലാസ് തുണ്ടുകളെ ‘അസര്‍മുല്ല ഹൈദരലി തങ്ങളുടെ’ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ വലിച്ച് കീറി പുറംകാല്‍ കൊണ്ട് ചവച്ച് കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്.*

*സമസ്ത സത്യമാണ്,സന്തുലിതമാണ് ആ പ്രസ്ഥാനത്തിന് അതിന്റെ മഹിതമായ ആശയാദര്‍ശത്തെ ആയിരം പടക്കുതിരയുടെ ആര്‍ജ്ജവത്തോടെ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ ഒരാളുടെയും ചീട്ടുകടലാസോ-വക്കാലത്തോ ആവശ്യമില്ല.സമസ്ത ആദര്‍ശം പറയുമ്പോള്‍ മുഖം നോക്കാറില്ല,അവന്റെ പറുദീസയുടെ വലുപ്പം നോക്കാറില്ല,അവന്‍ നിലകൊള്ളുന്ന പ്രസ്ഥാനം നോക്കാറില്ല.അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയാണ്.*

*ഫിറോസേ…താങ്കള്‍ വഹിക്കുന്നത് മഹിതമായ പ്രസ്ഥാനത്തിന്റെ മത്തമായ ഒരു സ്ഥാനമാണ്. അതുകൊണ്ട് വാക്കിലും-പ്രവൃത്തിയിലും ഒരല്പമെങ്കിലും പക്വത കാണിക്കുന്നത് നല്ലതാണ്.ജന്നത്തുല്‍-ബഖിയ്യയില്‍ കിടന്നുറങ്ങുന്ന മഹാനായ ബാഫഖി തങ്ങളും,യമനില്‍ നിന്ന് പറന്ന് വന്ന പൂമുത്ത് ശിഹാബ് തങ്ങളും, പൂനിലാവ് സി.എച്ചും നെഞ്ചേറ്റിയ മഹത്തായ പ്രസ്ഥാനത്തിന്റെ ഉയര്‍ന്ന ശേണിയിലിരുന്ന് കൊണ്ട് ‘കുരങ്ങന്റെ കയ്യില്‍ പൂമാല’ കിട്ടിയത് പോലെയുള്ള ചാപ്ലിന്‍ കളികളും, അതിലുപരി പക്വത തൊട്ടു തീണ്ടാത്ത വീടു വായുത്തങ്ങള്‍ വിളമ്പി പൊതുസമൂഹത്തിന് മുന്നില്‍ സ്വയം ഇളിഭ്യനാവുകയും ചെയ്യുമ്പോള്‍ അങ്ങയോട് പുച്ഛമാണ് തോന്നുന്നത്.*

സമസ്തയും ലീഗും ഒന്നല്ല. അത് രണ്ടും രണ്ടാണ്.. പക്ഷെ രണ്ടിന്റെയും കടിഞ്ഞാണ്‍ കൊടപ്പനക്കലിന്റെ മൊഴിയും ഇവിടെന്ന് പ്രവര്‍ത്തിക്കും അതാണ് ശൈലി..അത് അന്നും-ഇന്നും-എന്നും അങ്ങനെയാണ്.’ എന്നാണ് മറ്റൊരു പ്രതികരണം.

‘മിസ്റ്റര്‍ ഫിറോസ് സാഹിബ് കമന്റുകളൊക്കെ കണ്ടു കാണും , ഇതാണ് അണികള്‍ പക്കാ സമസ്ഥക്കാര്‍ ,ഇവര്‍ സ്‌നേഹിച്ചാല്‍ നക്കി ക്കൊല്ലും പിണങ്ങിയാല്‍ നിലത്തിട്ട് ചവിട്ടി അരക്കും’ എന്നാണ് മറ്റൊരു ലീഗ് പ്രവര്‍ത്തകന്റെ ഭീഷണി.


Also Read:  ‘ ഈ ഡയലോഗുകളാണോ നിങ്ങള്‍ക്ക് വെട്ടേണ്ടത്’ മെര്‍സലിനെ വിമര്‍ശിച്ച സംഘപരിവാറുകാര്‍ക്ക് ചുട്ടമറുപടി നല്‍കി വിജയ് ആരാധകര്‍


‘ഉറച്ച മണ്ഡലമായ മലപ്പുറത്ത് പോലും ഫിറോസ് തെരഞ്ഞെടുപ്പില്‍ നിന്നാല്‍ തോല്‍ക്കും എന്ന സ്ഥിതിയിലേക്ക് സ്വന്തം ഭാവി തകര്‍ക്കാതെ ദിര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ പറയാനും മറ്റും പഠിക്കാന്‍ ഫിറോസിന്ന് സാധിക്കട്ടെ. സുന്നികളെ മുശ്രിക്കാക്കി ചിത്രീകരിക്കുന്ന മുജാഹിദുകാരെയും മുജാഹിദുകളാണു കേരളത്തിന്റെ നവോത്ഥാനത്തിന്റെ വാക്താക്കള്‍ എന്ന് കള്ളം പറയുന്നവരെയും അതിന്ന് സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുന്നവരെയും സുന്നികള്‍ എതിര്‍ക്കുക തന്നെ ചെയ്യും…സ്വന്തം ഭാവി മുന്നില്‍ കണ്ട് മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കുക… അല്ലെങ്കില്‍ ചവറ്റ്‌കൊട്ടയിലായിരിക്കും സ്ഥാനം…’ എന്നാണ് മറ്റൊരാളുടെ മുന്നറിയിപ്പ്.

ഇതിനു പുറമേ സുന്നി പ്രഭാഷകനും എസ്.വൈ.എസ് നേതാവുമായ അബ്ദുല്‍സമദ് പൂക്കോട്ടൂര്‍ ഫിറോസിന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടിയെന്നോണം എഴുതിയ ‘ആരും അരിരുവിടരുത്’ എന്ന തലക്കെട്ടിലുള്ള കുറിപ്പും ഫിറോസിന്റെ പോസ്റ്റിനു കീഴില്‍ പ്രചരിപ്പിക്കുന്നുണ്ട്.

അതിനിടെ യൂത്ത്‌ലീഗ് നേതാവിനെ ആക്രമിക്കുന്ന ലീഗ് അണികളെ പരിഹസിച്ചും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. ‘ ലീഗ് പ്രവര്‍ത്തകരുടെ പ്രതികരണം കണ്ടാല്‍ തോന്നും ചെഗുവേരയെന്താ സമസ്തയുടെ നേതാവാണെന്ന്’ എന്നാണ് ചിലരുടെ പരിഹാസം.

Tagged with: |