കാബൂള്‍: മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ വധത്തില്‍ ലോക നേതാക്കള്‍ അപലപിച്ചു. അസാമാന്യ വ്യക്തിത്വമുള്ള റബ്ബാനിയുടെ വിയോഗം നികത്താനാവാത്തതാണെന്ന് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി അനുശോചിച്ചു. റബ്ബാനിയുടെ വധം വിവേകശൂന്യമായ അക്രമപ്രവൃത്തിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. സുരക്ഷയിലേക്കും ക്ഷേമത്തിലേക്കും അഫ്ഗാനിസ്താനെ നയിക്കുന്ന അമേരിക്കയുടെ ദൃഢനിശ്ചയത്തെ ഇത്തരം അക്രമങ്ങള്‍ ബാധിക്കില്‌ളെന്ന് അഫ്ഗാന്‍ ജനതയോടുമുള്ള അനുശോചന സന്ദേശത്തില്‍ ഒബാമ അറിയിച്ചു.

അഫ്ഗാനിസ്താന്റെ സമാധാനത്തിനായി രക്തസാക്ഷിയായ റബ്ബാനി പാകിസ്താന്റെ മിത്രമായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടതിലുള്ള കടുത്ത ദുഃഖവും അമര്‍ഷവും അഫ്ഗാന്‍ സര്‍ക്കാറിനെ അറിയിക്കുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പ്രസ്താവനയില്‍ അറിയിച്ചു. റബ്ബാനിയുടെ കൊലയാളികളെ അഫ്ഗാനിസ്താനില്‍ വെച്ചുപൊറുപ്പിക്കില്‌ളെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് പറഞ്ഞു.

അമേരിക്ക പിന്തുണക്കുന്ന അഫ്ഗാന്‍ സര്‍ക്കാരും താലിബാന്‍ പോരാളികളും തമ്മില്‍ പത്തു വര്‍ഷമായി തുടരുന്ന പോരാട്ടത്തിന് അറുതി വരുത്താമെന്ന പ്രതീക്ഷയാണ് റബ്ബാനി വധത്തോടെ ഇല്ലാതായിരിക്കുന്നത്. 2001ലെ അമേരിക്കന്‍ അധിനിവേശത്തിനു ശേഷം രാഷ്ട്രീയമായി ദൂരവ്യാപക ഫലങ്ങളുണ്ടാക്കാവുന്ന മരണമാണ് റബ്ബാനിയുടേത്. അഫ്ഗാനിലെ സമാധാന ശ്രമങ്ങളെ ഉലച്ച ആക്രമണത്തിനെതിരെ രാജ്യത്താകെ അമര്‍ഷം ഉയരുകയാണ്. റബ്ബാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ റബ്ബാനിയുടെ ചിത്രങ്ങളേന്തിയും തലയില്‍ കറുത്ത നാടകള്‍ കെട്ടിയും തെരുവിലിറങ്ങി.

സമാധാനചര്‍ച്ചകള്‍ക്കെന്ന വ്യാജേന എത്തിയ രണ്ടു താലിബാന്‍ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച റബ്ബാനിയുടെ വസതിയിലെത്തി അദ്ദേഹത്തിനു ഹസ്തദാനം നല്‍കിയശേഷം നെഞ്ചിനടുത്തേക്ക് ഉപചാരപൂര്‍വം തലകുനിച്ചപ്പോള്‍ തലപ്പാവിലൊളിപ്പിച്ച ബോംബ് ഉപയോഗിച്ചു സ്‌ഫോടനം നടത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നാമതൊരാള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നു യു.എസ്. നയിക്കുന്ന സഖ്യകക്ഷികള്‍ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും അഫ്ഗാന്‍ അധികൃതര്‍ അംഗീകരിച്ചിട്ടില്ല. റബ്ബാനിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ടെന്നാണ് സൂചന.