എഡിറ്റര്‍
എഡിറ്റര്‍
മുഖാവരണം നിരോധിക്കാന്‍ സെനറ്റില്‍ മുഖാവരണം ധരിച്ച് വനിതാ നേതാവ്; നാടകീയ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
എഡിറ്റര്‍
Thursday 17th August 2017 5:40pm

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സെനറ്റിനെ പലപ്പോഴും സ്‌കൂളിനോടാണ് ഉപമിക്കാറ്. സെനറ്റില്‍ നടക്കുന്ന സംഭവവികാസങ്ങളാണതിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ സെനറ്റില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. സെനറ്റ് ഹാളിനെ മുഴുവന്‍ നിശബ്ദമാക്കി കൊണ്ട് അഭയാര്‍ത്ഥി വിരുദ്ധ പാര്‍ട്ടിയായ വണ്‍ നാഷന്റെ നേതാവ് സഭയിലേക്ക് കടന്നു വന്നത് ശരീരം മുഴുവന്‍ മറയ്ക്കുന്ന മുഖാവരണം ധരിച്ചു കൊണ്ടായിരുന്നു.

വണ്‍ നാഷന്‍ പാര്‍ട്ടിയുടെ നേതാവായ പൗളിന്‍ ഹാന്‍സനാണ് സെനറ്റില്‍ മുഖാവരണം ധരിച്ചെത്തിയത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുന്നോടിയായിരുന്നു പൗളിന്‍ ഏവരേയും അമ്പരപ്പിച്ചു കൊണ്ട് മുഖാവരണം ധരിച്ച് സെനറ്റിലെത്തിയത്.

പ്രസംഗത്തിന് മുന്നോടിയായി മുഖാവരണം അഴിച്ചു മാറ്റിയ പൗളിന്‍ രാജ്യത്ത് മുഖാവരണം നിരോധിക്കണമെന്നും ശരീരം മുഴുവന്‍ മറയ്ക്കുന്ന മുഖാവരണത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞു. വിഷയത്തില്‍ സെനറ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായിരുന്നു മുഖാവരണം ധരിച്ചെത്തിയത് എന്നായിരുന്നു പൗളിന്റെ വിശദീകരണം. പൗളിനും വണ്‍ നാഷന്‍ പാര്‍ട്ടിയും മുഖാവരണം പൊതു സ്ഥലത്ത് നിരോധിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നവരാണ്.


Also Read:  റോഡില്‍ ഈദ് നമസ്‌കാരം നടക്കുന്നുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും നടക്കുമെന്ന് യോഗി ആദിത്യനാഥ്


‘ ഇതഴിച്ചു മാറ്റുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. കാരണം പാര്‍ലമെന്റില്‍ ഇതിന്റെ ആവശ്യമില്ല.’ എന്നായിരുന്നു മുഖാവരണം അഴിച്ചു മാറ്റുന്നതിന് മുന്നോടിയായി പൗളിന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന സെനറ്റില്‍ പൗളിന്‍ മുസ്‌ലിമുകളെ അധിക്ഷേപിച്ചതും വിവാദമായിരുന്നു. ഓസ്‌ട്രേലിയ മുസ്‌ലിമുകളാല്‍ നിറയുമെന്ന ഭീതിപ്പെടുന്നുവെന്നായിരുന്നു പൗളിന്റെ പ്രസ്താവന.

പൗളിന്റെ പ്രസ്തവാനയ്‌ക്കെതിരെ സെനറ്റില്‍ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. ലിബറല്‍ പാര്‍ട്ടി നേതാവും അറ്റോണി ജനറലുമായ ജോര്‍ജ് ബ്രാന്‍ഡിസ് വളരെ വികാരഭരിതമായിട്ടായിരുന്നു ഇതിനോട് പ്രതികരിച്ചത്. മുഖാവരണം നിരോധിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൗളിന്‍ മുസ്‌ലിമുകളെ അപമാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ മത വികാരത്തെ കൈകാര്യം ചെയ്യുമ്പോള്‍ വളരെ സെന്‍സിറ്റിവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അര മില്യണ്‍ ആളുകളും മുസ്‌ലിങ്ങളാണെന്നും അവരെല്ലാം നിയമമനുസരിച്ചു തന്നെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement