ചവറ: ചവറയിലെ വെറ്റമുക്ക് വാര്‍ഡില്‍ യു.ഡി.എഫ് -എല്‍.ഡി.എഫ് സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ആര്‍.എസ്.പി -ബി നേതാവ് സാഹിദ് ഔദ്യോഗിക ആര്‍.എസ്.പി പ്രവര്‍ത്തകരായ ഗിരീഷ്, സിദ്ധിഖ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെയായിരുന്നു സംഭവം.

പനയന്നാര്‍കാവ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന വയലില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ സംഭവമറിഞ്ഞ് ചവറ പോലീസെത്തി ഇരുവിഭാഗങ്ങളേയും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം നിലച്ചു. തുടര്‍ന്ന് സ്ഥലത്ത് കൂട്ടത്തല്ല് നടക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.