തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് മന്ത്രിസഭയിലും മുന്നണിയിലും അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കെ എല്‍ ഡി എഫ് യോഗം ഇന്ന് ചേരും. മൂന്നാര്‍ വിഷയമാണ് പ്രധാന അജണ്ട. കയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനോട് ചില മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയും സി പി ഐയും വിരുദ്ധ ദ്രുവങ്ങളിലാണുള്ളത്.

കയ്യേറ്റമൊഴിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ എന്ത് നടപടികള്‍ കൈക്കൊള്ളണമെന്ന് മുന്നണി വിലയിരുത്തും. ടാറ്റയുടെ ഭൂമി ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെടും. എന്നാല്‍ ഇതിനെ സി പി ഐ എമ്മും സി പി ഐയും എതിര്‍ക്കുമെന്നാണ് കരുതുന്നത്.