തിരുവനന്തപുരം: എല്‍.ഡി.എഫ് നേതൃയോഗമിന്ന് തിരുവനന്തപുരത്ത് ചേരും. സി.പി.ഐ-സി.പി.എം തര്‍ക്കവും റേഷന്‍ വിതരണത്തിലെ തുടര്‍സമരങ്ങളും ബജറ്റും യോഗത്തില്‍ ചര്‍ച്ചയാകും.

മാവോയിസ്റ്റ് കൊലപാതകം മുതല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ആരംഭിച്ച പോര് ദിനം പ്രതി പുതിയ തലത്തിലേക്ക് മാറികൊണ്ടിരിക്കുകയാണ്. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതൊന്നും പാര്‍ട്ടി ചെയ്യില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞെങ്കിലും ചേരി തിരിവ് കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നേതൃയോഗം നടക്കുന്നത്.

സി.പി.ഐ.എമ്മിനെ കൂടാതെ എന്‍.സി.പിയും യോഗത്തില്‍ സി.പി.ഐയ്‌ക്കെതിരെ ആരോപണമുന്നയിക്കാന്‍ സാധ്യതയുണ്ട്. ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി നടത്തിയ മാര്‍ച്ചാണ് എന്‍.സി.പിയെ ചൊടിപ്പിച്ചിരിക്കുന്നത്.


Also Read: താരമൂല്യമല്ല മികവിനാണ് ആദരമെന്ന് തെളിയിച്ച് സിനിമാ പാരഡൈസോ ക്ലബ്ബ് അവാര്‍ഡ്; എഴുന്നേറ്റ് നിന്ന് കയ്യടിച്ച സദസ്സിന് മുന്നില്‍ മികച്ച നടനായി വിനായകന്‍


റേഷന്‍ വിഹിതം നേടിയെടുക്കാനായി കേന്ദ്രത്തിനെതിരെയുള്ള തുടര്‍സമരത്തിന്റെ പ്രഖ്യാപനവും ഇന്നുണ്ടാകും. ബജറ്റ് സമ്മേളനത്തിന് മുമ്പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരിക്കും യോഗത്തിന്റെ മുഖ്യ ലക്ഷ്യം.