തിരുവനന്തപുരം: എല്‍ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മൂന്നാര്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് മുഖ്യമന്ത്രിയും സി പി ഐ യും അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്.

മന്ത്രിസഭാ യോഗത്തിന് വിരുദ്ധമായി മുഖ്യമന്ത്രി ഓര്‍ഡിനന്‍സിന് അനുമതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് യോഗത്തില്‍ ഉന്നയിക്കുമെന്ന് സി പി ഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കര്‍ക്കിടക ചികിത്സയിലായതിനാല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇന്ന് യോഗത്തില്‍ പങ്കെടുക്കുന്നില്ല.

”മന്ത്രിസഭയുടെയും ഇടതുമുന്നണിയുടെയും തീരുമാനമായിരുന്നു മൂന്നാറില്‍ 1063 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണമെന്നത്. ഇത് തടഞ്ഞുവെച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. മന്ത്രിസഭയെ മറികടക്കുന്നതിനുള്ള കാരണം മുഖ്യമന്ത്രി പറയണം. ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാറാണ് ഓര്‍ഡിനന്‍സിനെതിരായ നിയമോപദേശം ഡല്‍ഹിയില്‍പോയി വാങ്ങിയത്. ടാറ്റയുടെ ഭൂമി ഏറ്റെടുക്കണമെന്ന നിലപാടാണ് പാര്‍ട്ടി എക്കാലവും കൈക്കൊണ്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ എതിര്‍പ്പ് എന്തുകൊണ്ടാണെന്ന് അറിയില്ല. പത്രങ്ങളില്‍നിന്നാണ് കാര്യങ്ങള്‍ അറിഞ്ഞത്. റവന്യൂമന്ത്രി കെ.പി.രാജേന്ദ്രനോട് വ്യാഴാഴ്ചത്തെ ഇടതുമുന്നണിയോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട” വിവാദത്തെക്കുറിച്ച് ഇന്നലെ വെളിയം പ്രതികരിച്ചത് ഇങ്ങിനെയാണ്.

മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കില്ലെങ്കില്‍ സി പി ഐ വിഷയം ശക്തമായി യോഗത്തില്‍ ഉന്നയിക്കും. സി പി ഐ എം മുഖ്യമമന്ത്രിക്കൊപ്പം നില്‍ക്കുമോ എന്നതനുസരിച്ചായിരിക്കും ചര്‍ച്ചകളുടെ പുരോഗതി.

മൂന്നാര്‍ ടൗണ്‍ഷിപ്പ് പദ്ധതി ടാറ്റയെ സഹായിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പുതുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കാതിരുന്നത്. മൂന്നാറിനെ കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.