Administrator
Administrator
എല്‍.ഡി.എഫിന്റെ മനുഷ്യമതില്‍ ഇന്ന്
Administrator
Thursday 8th December 2011 9:37am

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് മനുഷ്യമതില്‍ തീര്‍ക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്ത് നിന്ന് തുടങ്ങി പെരിയാറിന്റെ തീരപ്രദേശങ്ങളിലൂടെ കൊച്ചി മറൈന്‍ഡ്രൈവ് വരെ നീളുന്നതാണ് മനുഷ്യമതില്‍.

സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വണ്ടിപ്പെരിയാറിലും സി.പി.ഐ.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചപ്പാത്തിലും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കട്ടപ്പനയിലും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മറൈന്‍ഡ്രൈവിലും മനുഷ്യമതിലില്‍ പങ്കാളികളാകും. വൈകീട്ട് നാലു മുതല്‍ നാലേകാല്‍ വരെയാണ് 208 കിലോമീറ്ററില്‍ തീര്‍ക്കുന്ന മതിലില്‍ ലക്ഷങ്ങള്‍ അണിചേരും. 3.30ന് റിഹേഴ്‌സല്‍ നടക്കും.

പുതിയ അണക്കെട്ടിനുവേണ്ടിയും ‘വെള്ളം തരാം, ജീവന്‍ തരൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരിക്കും ജനങ്ങള്‍ അണിചേരുക. മറ്റു ജില്ലാകേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കും.  വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ , മ്ലാമല, ചപ്പാത്ത്‌സമരകേന്ദ്രം, അയ്യപ്പന്‍കോവില്‍ , കാഞ്ചിയാര്‍ , കട്ടപ്പന, ഇരട്ടയാര്‍ , ശാന്തിഗ്രാം, നാലുമുക്ക്, കാമാക്ഷി, തങ്കമണി, മരിയാപുരം, ഇടുക്കി, ചെറുതോണി, തടിയമ്പാട്, കരിമ്പന്‍ , ചേലച്ചുവട്, കീരിത്തോട്, പാംബ്ല, ലോവര്‍പെരിയാര്‍ , നീണ്ടപാറ, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂര്‍ , ആലുവ, എറണാകുളം നഗരം എന്നിവിടങ്ങളിലൂടെ മതില്‍ മറൈന്‍ ഡ്രൈവിലെത്തും.

മാര്‍ത്തോമാ സഭ വലിയമെത്രാപോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പെരുമ്പാവൂരിലും ആംഗ്ലിക്കന്‍ സഭാ ബിഷപ് ലേവി ഐക്കര കീരിത്തോട്ടിലും കണ്ണിയാവും.  കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ , സി.പി.ഐ നേതാവ് സി.എ കുര്യന്‍ എന്നിവര്‍ വണ്ടിപ്പെരിയാറ്റില്‍ കണ്ണികളാകും. എം.സി ജോസഫൈന്‍ , എം.വി ഗോവിന്ദന്‍ എന്നിവര്‍ മറൈന്‍ഡ്രൈവില്‍ കണ്ണിചേരും. കെ.ഇ ഇസ്മയില്‍ എം.പി ചപ്പാത്തിലും, സി.പി.ഐ എം ഇടുക്കി ജില്ലാസെക്രട്ടറി എം.എം മണി കട്ടപ്പനയിലും കോട്ടയം ജില്ലാസെക്രട്ടറി കെ.ജെ തോമസ് വള്ളക്കടവിലും കണ്ണിയാവും. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ , പ്രൊഫ. എം.കെ സാനു, ഡോ. എം. ലീലാവതി, ഡോ. സെബാസ്റ്റ്യന്‍ പോള്‍ , യു.എ ഖാദര്‍ , പി. വത്സല, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുന്‍ അഡ്വക്കറ്റ് ജനറല്‍മാരായ സി.പി സുധാകരപ്രസാദ്, എം.കെ ദാമോദരന്‍ , ചലച്ചിത്രപ്രതിഭകളായ ജയരാജ്, രഞ്ജിത്, കമല്‍ , സിബി മലയില്‍ , ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വിവിധയിടത്ത് മതിലില്‍ അണിചേരും.

Malayalam news

Kerala news in English

Advertisement