manushya-mathilവണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍.ഡി.എഫ് മനുഷ്യമതില്‍ തീര്‍ത്തു. വണ്ടിപ്പെരിയാര്‍ മുതല്‍ മറൈന്‍ െ്രെഡവ് വരെ നീണ്ട പ്രതിഷേധ മതിലില്‍ കക്ഷി രാഷ്ട്രീയം മറന്ന് പതിനായിരങ്ങള്‍ അണിനിരന്നു. വണ്ടിപ്പെരിയാറില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറൈന്‍ െ്രെഡവില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മനുഷ്യമതിലില്‍ പങ്കെടുത്ത് സംസാരിച്ചു.

വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ , മ്ലാമല, ചപ്പാത്ത്‌സമരകേന്ദ്രം, അയ്യപ്പന്‍കോവില്‍ , കാഞ്ചിയാര്‍ , കട്ടപ്പന, ഇരട്ടയാര്‍ , ശാന്തിഗ്രാം, നാലുമുക്ക്, കാമാക്ഷി, തങ്കമണി, മരിയാപുരം, ഇടുക്കി, ചെറുതോണി, തടിയമ്പാട്, കരിമ്പന്‍ , ചേലച്ചുവട്, കീരിത്തോട്, പാംബ്ല, ലോവര്‍പെരിയാര്‍ , നീണ്ടപാറ, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂര്‍ , ആലുവ, എറണാകുളം നഗരം എന്നിവിടങ്ങളിലൂടെ നീളുന്ന മതിലിന്റെ മറ്റേ അറ്റം മറൈന്‍ ഡ്രൈവിലായിരുന്നു.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ , സി.പി.ഐ നേതാവ് സി.എ കുര്യന്‍ എന്നിവര്‍ വണ്ടിപ്പെരിയാറ്റില്‍ കണ്ണികളായി. എം സി ജോസഫൈന്‍, എം വി ഗോവിന്ദന്‍, പി ശ്രീരാമകൃഷ്ണന്‍, കെ പി രാജേന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ മറൈന്‍ഡ്രൈവില്‍ കണ്ണിചേര്‍ന്നു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കെ ഇ ഇസ്മയില്‍ എംപി എന്നിവര്‍ ചപ്പാത്തിലും, സി.പി.ഐ.എം ഇടുക്കി ജില്ലാസെക്രട്ടറി എം എം മണി കട്ടപ്പനയിലും കോട്ടയം ജില്ലാസെക്രട്ടറി കെ ജെ തോമസ് വള്ളക്കടവിലും കണ്ണിയായി.

കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നു പ്രതിജ്ഞ ചെയ്തു കൊണ്ടാണ് മനുഷ്യമതില്‍ തുടങ്ങിയത്. മുല്ലപ്പെരിയാര്‍ സമരം തമിഴ്‌നാടിനെതിരായി   തിരിച്ചുവിടുന്ന ഏത് ശ്രമത്തെയും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും മനുഷ്യമതിലില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. ഇതിനിടെ വണ്ടിപ്പെരിയാറില്‍ പി ജെ ജോസഫ് പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു.

പൊതുസമൂഹത്തിന്റെ വലിയ നിരതന്നെ മതിലില്‍ കണ്ണികളായി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ , പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, യു എ ഖാദര്‍, പി വത്സല, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുന്‍ അഡ്വക്കറ്റ് ജനറല്‍മാരായ സി പി സുധാകരപ്രസാദ്, എം കെ ദാമോദരന്‍ , ചലച്ചിത്രപ്രതിഭകളായ ജയരാജ്, രഞ്ജിത്, കമല്‍ , സിബി മലയില്‍എന്നിവരും മതിലില്‍ കണ്ണികളായി. പാലാരിവട്ടത്ത് നിസിമാസംവിധാകരരായ വിനയന്‍ , ബി ഉണ്ണികൃഷ്ണന്‍ , അമല്‍ നീരദ് എന്നിവരും കെ എം രവീന്ദ്രനാഥ്്്, കെ എം സുധാകരന്‍ എന്നിവും കണ്ണികളായി.

മാര്‍ത്തോമാ സഭ വലിയമെത്രാപോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പെരുമ്പാവൂരിലും ആംഗ്ലിക്കന്‍ സഭാ ബിഷപ് ലേവി ഐക്കര കീരിത്തോട്ടിലും കണ്ണിയായി. വള്ളക്കടവ് മുതല്‍ താഴേക്ക് റോഡിന് വലതുവശത്തായാണ് മതില്‍ തീര്‍ത്തത്. 3.30 ന് ട്രയല്‍ നടന്നു. 4 ന് മനുഷ്യമതിലില്‍ അണിനിരന്ന് ജനലക്ഷങ്ങള്‍ പ്രതിജ്ഞയെടുത്തു. എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യമതിലിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തെ ജനങ്ങള്‍ സെക്രട്ടറിയറ്റ് മുതല്‍ രാജ്ഭവന്‍വരെ മനുഷ്യമതില്‍ തീര്‍ത്തു. മറ്റു ജില്ലാകേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. ലക്ഷങ്ങളുടെ പ്രാണഭയം പരിഗണിക്കാത്ത കേന്ദ്രത്തിനും ഇരട്ടത്താപ്പിലൂടെ ജനവഞ്ചന തുടരുന്ന സംസ്ഥാന സര്‍ക്കാരിനും ജനലക്ഷങ്ങള്‍ താക്കീതുനല്‍കി.

Malayalam news, Kerala news in English