എഡിറ്റര്‍
എഡിറ്റര്‍
എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കി ജനതാദള്‍ എസ്: നാല് മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കും
എഡിറ്റര്‍
Sunday 9th March 2014 10:19pm

mathew-t-thomas

തിരുവനന്തപുരം: എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കി ആര്‍എസ്പിക്ക് പിന്നാലെ ജനതാദള്‍ എസും കടുത്ത നിലപാടുമായി രംഗത്തെത്തി.

എല്‍.ഡി.എഫ് സീറ്റ് നല്‍കാത്തപക്ഷം നാലു മണ്ഡലങ്ങളില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് ജനതാദള്‍ നേതൃയോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം, വടകര, വയനാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെനിര്‍ത്താനാണ് ജനതാദള്‍ എസ്സിന്റെ തീരുമാനം.

തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ്‌യോഗത്തില്‍ സീറ്റ് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു. തിരുവനന്തപുരം, വടകര മണ്ഡലങ്ങളിലൊന്ന് വേണമെന്നാണ് ജനതാദള്‍ എസിന്റെ ആവശ്യം.

ഇടതു നേതൃത്വം ഇതിന് തയ്യാറായില്ലെങ്കില്‍ ഏഴ് മണ്ഡലങ്ങളില്‍ സൗഹൃദ മത്സരത്തിന് ഇറങ്ങണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ നാലിടത്ത് മത്സരിക്കാനാണ് യോഗത്തില്‍ അന്തിമധാരണയായത്. മുന്നണിക്കകത്തു നിന്നു കൊണ്ടുള്ള സൗഹൃദമത്സരമാണ് ജനതാദള്‍ ആലോചിക്കുന്നത്.

പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയാറാണെന്ന് നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. വടകരയില്‍ എം.കെ. പ്രേംനാഥിനെയും വയനാട്ടില്‍ പി.എം.ജോയിയെുമാണ് ജനതാദള്‍ പരിഗണിക്കുന്നത്. സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ഒരു സീറ്റ് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും യോഗത്തിനു ശേഷം മാത്യു ടി.തോമസ് പറഞ്ഞു.

ആര്‍.എസ്.പി വിഷയത്തില്‍ സി.പി.ഐ.എം സ്വീകരിച്ച നിലപാടിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

മുന്നണിക്കകത്ത് ചര്‍ച്ച നടത്താതെ സീറ്റുകള്‍ വിഭജിച്ചതിലും ജനതാദളിന് അതൃപ്തിയുണ്ട്. രണ്ടു പാര്‍ട്ടികള്‍ മാത്രമായി സീറ്റുകള്‍ വിഭജിച്ചെടുത്താല്‍ മുന്നണിക്കെന്തു പ്രസക്തിയാണെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നിരുന്നു.

ആര്‍.എസ്.പിക്കു പിന്നാലെ ജനതാദള്‍ എസും ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ കടുത്ത നിലപാടിലേക്ക് നീങ്ങുന്നത് എല്‍.ഡി.എഫില്‍ വന്‍പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കൂടാതെ ചെറുകക്ഷികളായ എന്‍സിപിയും കേരള കോണ്‍ഗ്രസും സീറ്റ് ആവശ്യം ഉന്നയിക്കുന്നുണ്ട്.

Advertisement