കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ പരാജയം വിലയിരുത്തിയ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ ചുവട് പിടിച്ച് മലപ്പുറം ജില്ലയില്‍ ഇടതുപക്ഷ മുന്നണിയില്‍ തര്‍ക്കം. മലപ്പുറത്ത് നിന്ന് യു.ഡി.എഫിന് ലഭിച്ച വോട്ടാണ് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമായതെന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമാര്‍ശമാണ് തര്‍ക്കത്തിനിടയാക്കിയത്.

മലപ്പുറം ജില്ലയില്‍ ഘടകക്ഷികള്‍ മത്സരിച്ച സീറ്റുകളിലാണ് ഇടതുപക്ഷത്തിന് കാര്യമായ തിരിച്ചടിയുണ്ടായതെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഉമ്മര്‍ മാസ്റ്റര്‍ വ്യക്തമാക്കി. മലപ്പുറത്ത് സി.പി.ഐ മൂന്നും ഐ.എന്‍.എല്‍,എന്‍.സി.പി,ജനതാദള്‍ എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിച്ചിരുന്നു. ഈ സീറ്റുകളിലാണ് വോട്ട് കുറഞ്ഞതെന്നും ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.

എന്നാല്‍ ഉമ്മര്‍ മാസ്റ്ററുടെ പ്രസ്താവനക്കെതിരെ സി.പി.ഐ ജില്ലാ സെക്രട്ടറി വി.പി സുനീര്‍ രംഗത്തെത്തി. മുന്നണിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഏറ്റവും വലിയ കക്ഷിയായ സി.പി.ഐ.എമ്മിന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മിന് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം. ഘടകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലും മുന്നണിയെ നയിച്ചത് സി.പി.ഐ.എമ്മായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനക്കെതിരെ സി.പി.ഐ. സെക്രട്ടറി സി.കെ ചന്ദ്രപ്പനും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് ഘടകക്ഷികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറനാട് മണ്ഡലത്തില്‍ മുന്നണിക്ക് വോട്ട് കുറഞ്ഞതിന്റെ പ്രാഥമിക ഉത്തരവാദിത്തം സി.പി.ഐ.എമ്മിനാണ്. ഇത് മുന്നണിക്കുള്ളില്‍ ഉന്നയിച്ചതാണ്. മുന്നണി രാഷ്ട്രീയത്തില്‍ പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.