തിരുവനന്തപുരം: തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്യുന്നുവെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം.

ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി വിവാദമായ സാഹചര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാനായി ഇന്ന് വൈകുന്നേരം നാല് മണിക്ക് എല്‍.ഡി.എഫ് യോഗം ചേരും. യു.ഡി.എഫ് സര്‍ക്കാര്‍ പിള്ളയ്ക്ക് വഴിവിട്ട് സഹായം ചെയ്തതിനെ ചോദ്യം ചെയ്തുവെന്ന് വ്യക്തമായിരിക്കുകയാണ്. അതിന്റെ ഏറ്റവും നല്ല തെളിവാണ് പിള്ളയുടെ ഫോണ്‍വിളി. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. പിള്ള ഫോണ്‍ ചെയ്തു എന്നത് തെളിവുസഹിതമാണ് ഗവര്‍ണറെ അറിയിക്കുക.

Subscribe Us:

ഇതിനു പുറമേ പിള്ളയ്ക്ക് അനധികൃതമായി പരോള്‍ അനുവദിച്ചതിനെതിരെ ദല്‍ഹിയിലെ നിയമവിദ്യാര്‍ത്ഥി സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ പങ്കുചേരാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേസില്‍ പങ്കുചേരാനാണ് എല്‍.ഡി.എഫ് നീക്കം. സര്‍ക്കാരിനെ കേസില്‍ കോടതി കുറ്റപ്പെടുത്തുകയാണെങ്കില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രയോഗിക്കാന്‍ കഴിയുന്ന നല്ല ആയുധമാകും അത് എന്ന മുന്നില്‍കണ്ടാണ് ഈ നീക്കം.