കോഴിക്കോട്: ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഇടത് വലത് നേതാക്കളെല്ലാം തികഞ്ഞ പ്രതീക്ഷയില്‍. നേതാക്കള്‍ രാവിലെതന്നെ വോട്ടുകള്‍ രേഖപ്പെടുത്തി. വോട്ടുചെയ്ത ശേഷം വിവിധ കക്ഷി നേതാക്കള്‍ പറഞ്ഞത്.

പിണറായി വിജയന്‍

എല്‍.ഡി.എഫ് ചരിത്രവിജയം നേടും. നേരത്തെ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ അടക്കം സംസസ്ഥാനത്തെങ്ങും ഇടതുമുന്നണി വന്‍ മുന്നേറ്റം നടത്താനുള്ള സാധ്യതയാണുള്ളത്. വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ച യുഡിഎഫിന് കനത്ത പരാജയമായിരിക്കും ഈ തിരഞ്ഞെടുപ്പ് സമ്മാനിക്കുക.

മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ഒരിടത്തും സമാധാനമായി വോട്ടുചെയ്യാനുള്ള അവസ്ഥ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലും കോഴിക്കോട് ജില്ലയിലെ ചിലകേന്ദ്രങ്ങളിലും പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയെന്നാണ് എനിക്കുകിട്ടിയ വിവരം.

കൊടിയേരി ബാലകൃഷ്ണന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി വൈസ് പ്രസിഡന്‍റെിനെ പോലെ തരം താഴരുത്. മുല്ലപ്പള്ളിയുടെ ആരോപണത്തിന് ഒരു ദിവസത്തെ ആയുസ്സേയുള്ളൂ. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് സംസ്ഥാനസര്‍ക്കാറിനെ അറിയിക്കുകയാണ് വേണ്ടത്.  സംസ്ഥാനത്ത് ഒരിടത്തും ഒരു അക്രമപ്രവര്‍ത്തനവും നടന്നിട്ടില്ല. 2005 ലെ തിരഞ്ഞെടുപ്പില്‍ കണ്ടതുപോലെ മികച്ചവിജയം എല്‍ഡിഎഫ് നേടും. ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതിനായിരിക്കും ജനങ്ങള്‍ വോട്ടുചെയ്യുക.

എസ് രാമചന്ദ്രന്‍ പിള്ള

മുല്ലപ്പള്ളിയുടെ പ്രസ്ഥാവന അദ്ദേഹത്തിന്‍റെ പദവിക്കും നിലയ്ക്കും ചേരാത്തതാണെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എസ് രാമചന്ദ്രന്‍ പിള്ള. എല്‍ഡിഎഫ് നല്ല വിജയം കൈവരിക്കും.

എംപി വീരേന്ദ്രകുമാര്‍

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് ആവര്‍ത്തിക്കും. യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകും. എല്ലായിടത്തും വലിയ മാറ്റങ്ങളാണ് കാണുന്നത്. വയനാട് ജില്ലാപഞ്ചായത്തും കല്‍പ്പറ്റ നഗരസഭയും യുഡിഎഫ് പിടിച്ചെടുക്കും.

എംകെ മുനീര്‍

ഒരുമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുണ്ടായ വിജയത്തിന്‍റെ രണ്ടാംഘട്ട വിജയം ഈ തിരഞ്ഞെടുപ്പിലുണ്ടാകും. മൂന്നാംഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയം ആവര്‍ത്തിക്കും. എല്‍ഡിഎഫിന്‍റെ കൂടെ നിന്ന വിവിധ കക്ഷികള്‍ യുഡിഎഫിലേക്ക് വന്നത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

കെ സുധാകരന്‍

കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്‍ സൌകര്യമൊരുക്കിയിരിക്കുകയാണ്. സമാധാനപരമായി വോട്ടുചെയ്യാനുള്ള സാഹചര്യം ഒരുക്കിയിട്ടില്ല. പോളിംങ് ഓഫീസര്‍മാര്‍ സിപിഐഎം ക്രിമിനലുകളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്.