Categories

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആണ്ടുബലിയിട്ട് അഭിഭാഷകരുടെ പ്രതിഷേധം; ജയശങ്കറിനും സെബാസ്റ്റ്യന്‍ പോളിനുവേണ്ടിയും ബലിയിടല്‍

തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിഷേധാത്മക ആണ്ടുബലി നടത്തി അഭിഭാഷകര്‍. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വാര്‍ഷിക ദിനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ആണ്ടുബലി അഭിഭാഷകര്‍ തിരുവനന്തപുരത്ത് വെച്ച് നടത്തിയത്.

വഞ്ചിയൂര്‍ കോടതി പരിസരത്താണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആണ്ടുബലി നടത്തിയത്. മാധ്യമ ആഭാസത്തിന്റെ ആണ്ടുബലി എന്ന ബാനര്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്. യഥാര്‍ത്ഥ ആണ്ടുബലി ചടങ്ങിന് സമാനമായ ചടങ്ങുകള്‍ തന്നെയാണ് നടത്തിയത്.

സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരെ പേരുവിളിച്ചുകൊണ്ടാണ് ബലിയിടല്‍ ചടങ്ങു നടത്തിയത്.

ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ജയശങ്കര്‍ തുടങ്ങിയവരുടെ പേരുകളും പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഹിന്ദു ബലിയിടല്‍ ചടങ്ങിലേതിനു സമാനമായി പരിപാടി സംഘടിപ്പിച്ച അഭിഭാഷകര്‍ പത്രങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുകയും ഇതിന്റെ ചാരം കുടത്തിലാക്കി തൊട്ടടുത്ത അഴുക്കുചാലില്‍ ഒഴുക്കുകയും ചെയ്തു.


Dont Miss കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് പബ്ലിസിറ്റി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ കൈക്കൂലി: വേദിയില്‍ നോട്ടുയര്‍ത്തി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം


കേരളത്തിലെ വിവിധ കോടതി പരിസരങ്ങളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നതിനെത്തുടര്‍ന്ന് കോടതി റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കോടതിയില്‍ തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് മാധ്യമങ്ങളും അഭിഭാഷകരും സ്വരചേര്‍ച്ചയില്ലാതായിട്ട് നാളുകളായി.

ഇതു സംബന്ധിച്ച കേസും നിയമ നടപടികളും തുടരുന്നതിനിടെയാണ് അഭിഭാഷകര്‍ സംഘര്‍ഷത്തിന്റെ ഒന്നാം വാര്‍ഷികാചരണം ആണ്ടുബലിയായി നടത്തിയത്.