ബാംഗളൂര്‍: മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇന്ത്യന്‍ നിയമമനുസരിച്ച് നടപടികള്‍ നീങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. ബാംഗളൂരില്‍ കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റി യോഗത്തിനെത്തിയ കൃഷ്ണ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

‘ ഇറ്റാലിയന്‍ കപ്പല്‍ എന്റ്രിക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങും’  അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രശ്‌നത്തിന് സൗഹൃദപരമായ പരിഹാരം കാണാന്‍ കപ്പല്‍ ക്യാപ്റ്റനും ജീവനക്കാരും കേരളത്തിലെ നിയമപാലകരോട് സഹകരിക്കണമെന്നും കൃഷ്ണ ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉപദേശം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗ്വിലിയോ മരിയ ടെര്‍സിയുമായും സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 28 ടെര്‍സി ഇന്ത്യയിലെത്തുമെന്നും കൃഷ്ണ  വ്യക്തമാക്കി.

കപ്പലിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്ന ഇറ്റാലിയന്‍ എംബസിയുടെ വാദവും കൃഷ്ണ നിഷേധിച്ചു. മത്സ്യബന്ധന ബോട്ടില്‍ മീന്‍ പിടിക്കാനുള്ള വലയും മീനുകളും മാത്രമാണുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News In English