എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ നിയമത്തില്‍ ഭേദഗതി
എഡിറ്റര്‍
Wednesday 2nd January 2013 12:35am

ജമ്മു കാശ്മീര്‍: ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമത്തില്‍ ഭേദഗതി വരുത്താന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി അലി മുഹമ്മദ് സാഗറാണ് ഇത് സംബന്ധിച്ച് ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്.

Ads By Google

ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ നിയമത്തില്‍ ഫലപ്രദവും കര്‍ശനവുമായ ഭേദഗതികള്‍ ആവശ്യമാണ്. അന്വേഷണം മുതല്‍ എല്ലാ ഘട്ടങ്ങളിലേയും നടപടി ക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വന്തമായ ഭരണഘടനയും ശിക്ഷാ നിയമവുമുണ്ട്. ഈ വിഷയത്തില്‍ വിദഗ്‌ദേപദേശം തേടും. അതിവേഗ അന്വേഷണവും വിചാരണയും നടത്താനുള്ള ഭേദഗതികള്‍ നിയമത്തിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം 2013 പെണ്‍മക്കള്‍ക്കായി സമര്‍പ്പിക്കാനും പെണ്‍കുഞ്ഞിനെ സംരക്ഷിക്കല്‍ വര്‍ഷമായി ആചരിക്കാനും കാശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്യാം ലാല്‍ ശര്‍മ അറിയിച്ചു.

പെണ്‍ഭ്രൂണഹത്യ തടയാനും പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുമാണ് ഈ നീക്കങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യകരമായ ലിംഗ അനുപാതത്തിനായി മത സാമൂഹിക സംഘടനകളുടെ സഹകരണം തേടിയിട്ടുണ്ട്.

പെണ്‍ഭ്രൂണഹത്യ തടയാന്‍ സര്‍ക്കാര്‍ ശ്രമങ്ങളോടൊപ്പം ജനങ്ങളുടെ സഹകരണവും അനിവാര്യമാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമനടപടികള്‍ക്കപ്പുറം മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്ന് മന്ത്രി പറഞ്ഞു.

Advertisement