Categories

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം ; ലക്ഷ്മി നായര്‍ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

law-academy


വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങളെ ഗൗരവ്വമായി തന്നെ കണ്ട മന്ത്രി പക്ഷെ ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയില്ല. ഇതോടെയാണ് സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ എത്തിയത്.


തിരുവന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായര്‍ രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ച് നിന്നതോടെ സമരം പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി സി.രവിന്ദ്രനാഥ് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങളെ ഗൗരവ്വമായി തന്നെ കണ്ട മന്ത്രി പക്ഷെ ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയില്ല. ഇതോടെയാണ് സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ എത്തിയത്.

രണ്ടാഴ്ച്ചയിലധികമായി ലോ അക്കാദമിയില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം നടത്തി വരികയാണ്. ലക്ഷ്മി നായര്‍ക്കെതിരെ ശബ്ദരേഖയടക്കമുള്ള തെളിവുകളുമായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതോടെയാണ് പ്രശ്‌നം രൂക്ഷമായത്. തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിന് മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച വിളിച്ച്  ചേര്‍ത്തത്.

നേരത്തെ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ വി.എസ് അച്യുതാനന്ദനെ കണ്ടിരുന്നു. ഇന്ന് രാവിലെ സമരപ്പന്തലിലെത്തി വി.എസ് വിദ്യാര്‍ത്ഥികളോടുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക്.സി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tagged with: |