എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി: ബി.ജെ.പി നേതാവ് അയ്യപ്പന്‍ പിള്ളയുടെ രാജിയും വ്യാജമോ ?
എഡിറ്റര്‍
Thursday 9th February 2017 12:36pm

ayyapp

 

തിരുവനന്തപുരം: ലോ അക്കാദമി ഭരണ സമിതി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള രാജിവച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിനു പിന്നാലെയാണ് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ അയ്യപ്പന്‍ പിള്ളയുടെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.


Also read ‘ലോണ്‍ തിരിച്ചടയ്ക്കൂ’ മുദ്രാവാക്യം വിളിയുമായി വായ്പ തിരിച്ചടക്കാത്ത ഇടപാടുകാരുടെ വീട്ടുപടിക്കല്‍ ബാങ്ക് ജീവനക്കാരുടെ സമരം 


ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ അയ്യപ്പന്‍പിള്ള ലോ അക്കാദമിക്കു മുന്നില്‍ നിരാഹാരം കിടന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ സമര പന്തലിലെത്തി കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇന്നു സമരം ഒത്തു തീര്‍പ്പായില്ലെങ്കില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അന്ന് വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

ചര്‍ച്ച പരാജയപ്പെട്ടിട്ടും അയ്യപ്പന്‍ പിള്ള രാജിവെക്കാന്‍ തയ്യാറാകാത്തത് വാര്‍ത്തയായതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു താന്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചെന്ന് അയ്യപ്പന്‍ പിള്ള പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് രാജി കത്ത് കിട്ടിയില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അന്നു തന്നെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സമരം അവസാനിച്ചിട്ടും രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് ഡയറക്ടകര്‍ വ്യക്തമാക്കിയത്.

മാനേജ്‌മെന്റിന് നല്‍കേണ്ട രാജിക്കത്ത് ബി.ജെ.പി നേതൃത്വത്തിനായിരുന്നു അയ്യപ്പന്‍ പിള്ള കൈമാറിയിരുന്നത്. കത്ത് കിട്ടിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കത്ത് മാനേജ്‌മെന്റിന് കൈമാറാന്‍ ബി.ജെ.പി തയ്യാറായില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

രാജിക്കത്ത് കയ്യില്‍ സൂക്ഷിച്ച പാര്‍ട്ടി സമരം അവസാനിച്ച സ്ഥിതിക്ക് ഇനി അയ്യപ്പന്‍ പിള്ള മാറി നില്‍ക്കേണ്ട എന്ന നിലപാടിലാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ തീരുമാനമായാലും ഭൂമിയുമായും ജാതി വിവേചനവുമായും ബന്ധപ്പെട്ട വിഷയങ്ങളിലും തീരുമാനം ആകുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിയും ഇന്നലെ സമരം അവസാനിപ്പിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചകളില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച ബി.ജെ.പി നേതാവ് അയ്യപ്പന്‍ പിള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് അവസാന നിമിഷമായിരുന്നു സമരത്തിനുകൂല നിലപാട് സ്വീകരിച്ചത്. പാര്‍ട്ടി സമരം നടത്തുന്നതിന്റെ പേരില്‍ രാജി പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടുകളെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറാനാണ് സാധ്യത.

Advertisement