Categories

ലാവലിന്‍: ഗവര്‍ണറുടെ വാദം കേള്‍ക്കണമെന്ന് സി ബി ഐ

ന്യൂദല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസില്‍ പിണറായി നല്‍കിയ ഹരജിയില്‍ ഗവര്‍ണറുടെ വാദം കൂടി കേള്‍ക്കണമെന്ന് സി ബി ഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കണമെന്ന് സി ബി ഐക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചു.
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയുടെ നിയമവശങ്ങള്‍ തങ്ങള്‍ക്ക് വാദിക്കാനാവില്ലെന്ന് സി ബി ഐ അഭിഭാഷകന്‍ വ്യകതമാക്കി. എന്നാല്‍, ഗവര്‍ണറെ കക്ഷി ചേര്‍ക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കുമ്പോഴാണ് എ ജി ഈ ആവശ്യം ഉന്നയിച്ചത്. ഗവര്‍ണര്‍ക്ക് നിയമ പരിരക്ഷയുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ഏപ്രില്‍ രണ്ടാം വാരത്തിലേക്കു മാറ്റി

ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, ആര്‍ എം ലോധ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 2009 ഓഗസ്റ്റിലാണ് പിണറായി സുപ്രീം കോടതിയെ സമീപിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.